ആലപ്പുഴ മറ്റപ്പള്ളിയിലെ മണ്ണെടുപ്പിൽ ജില്ലാ കലക്ടർ അന്വേഷണമാരംഭിച്ചു
റവന്യൂ, ജിയോളജി ഉദ്യോഗസ്ഥരടക്കമുള്ള സംഘത്തോടൊപ്പം മറ്റപ്പള്ളി കുന്നിൽ നേരിട്ടെത്തിയാണ് കലക്ടർ പരിശോധന നടത്തിയത്
ആലപ്പുഴ :പാലമേൽ മറ്റപ്പള്ളിയിലെ മണ്ണെടുപ്പിൽ ജില്ലാ കലക്ടർ അന്വേഷണമാരംഭിച്ചു. മറ്റപ്പള്ളി കുന്നിൽ കലക്ടർ ജോൺ സാമുവൽ നേരിട്ടെത്തി പരിശോധന നടത്തി. റവന്യൂ, ജിയോളജി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം സമരസമിതി അംഗങ്ങൾ ജില്ലാ കലക്ടറെ കാണാനെത്തി.
മണ്ണെടുപ്പിന് മുമ്പ് പാലിക്കേണ്ട കേന്ദ്രവനം പരിസ്ഥിതി മന്ദ്രാലയത്തിന്റെ പ്രോട്ടോകോൾ അടക്കുമുള്ളത് പാലിച്ചിട്ടില്ലെന്ന കണ്ടെത്തൽ കഴിഞ്ഞ സർവ്വകക്ഷി യോഗത്തിലുണ്ടായിരുന്നു. അതുകൊണ്ട് ഏതൊക്കെ നിലയിലാണ് ഇത് പാലിക്കപ്പെടാത്തതെന്നും ഇതിന്റെ ഭാഗമായിട്ടാണോ മണ്ണെടുപ്പ് നടന്നതെന്നും പരിശോധിക്കാൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു ഇതിന്റെ ഭാഗമായാണ് ജില്ലാ കലക്ടർ നേരിട്ടെത്തി പരിശോധന നടത്തുന്നത്.
കലക്ടർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുടർ നടപടികളുണ്ടാവുക. കുന്നിടിച്ചു നിരത്തി മണ്ണെടുക്കുന്നത് പ്രകൃതിക്ക് ആഘാതമുണ്ടാക്കുമെന്നും ഇത് പരിസ്ഥിതി ലോല പ്രദേശമാണെന്നുമുള്ള പഠനങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഇതെല്ലാം പാലിക്കാതെയാണ് മണ്ണെടുപ്പ് നടത്തിയത്.