കൊച്ചിയിൽ മോഡലുകൾ അപകടത്തിൽ കൊല്ലപ്പെട്ട കേസിൽ ഡ്രൈവറെ ഇന്ന് ചോദ്യം ചെയ്യും
ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലിന്‍റെ ഉടമയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനായി വീണ്ടും നോട്ടീസ് അയക്കാനും പൊലീസ് തീരുമാനിച്ചു
എറണാകുളത്ത് മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേര്‍ വാഹനാപകടത്തിൽ മരിച്ച കേസിൽ കാര്‍ ഡ്രൈവര്‍ അബ്ദുറഹ്മാനെ ഇന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലിന്‍റെ ഉടമയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനായി വീണ്ടും നോട്ടീസ് അയക്കാനും പൊലീസ് തീരുമാനിച്ചു.
മുൻ മിസ്കേരള അൻസി കബീറിന്‍റെയും സുഹൃത്തുക്കളുടെയും അപകടമരണത്തിന് കാരണം മത്സരയോട്ടമാണെന്നാണ് പൊലീസ് കണ്ടെത്തൽ . അപകടത്തിൽ പെട്ട വാഹനത്തെ പിന്തുടർന്ന ഔഡി കാർ ഡ്രൈവർ ഷൈജു മത്സരയോട്ടം നടന്നതായി മൊഴി നൽകിയിട്ടുണ്ട്. കേസിൽ അറസ്റ്റിലായ അബ്ദുറഹ്മാന്‍റെ പ്രാഥമിക മൊഴിയും സമാനമാണ്. ചികിത്സയിലായിരുന്ന അബ്ദുറഹ്മാന്‍റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതോടെയാണ് വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. മൊഴിയിൽ വൈരുധ്യമുണ്ടോയെന്ന് പൊലീസ് പരിശോധിക്കും.
അബ്ദുറഹ്മാൻ നൽകുന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും ഔഡി കാറോടിച്ച ഷൈജുവിനെതിരെയുള്ള നിയമ നടപടി. ഡിജെ പാർട്ടി നടന്ന ഫോർട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ കണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഹോട്ടൽ ഉടമ റോയ് ഹാജരായില്ല. ഇയാളെ വീണ്ടും നോട്ടീസയച്ച് വിളിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.