ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവം; രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടു
ഇന്നലെയാണ് പൊന്നാനി മാതൃ ശിശു ആശുപത്രിയിൽ ഗർഭിണിക്ക് രക്തം മാറി നൽകിയത്
മലപ്പുറം: പൊന്നാനിയിൽ യുവതിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ സ്റ്റാഫ് നഴ്സിനും രണ്ട് ഡോക്ടർമാർക്കും എതിരെ നടപടി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്റ്റാഫ് നഴ്സിനെ സസ്പെൻഡ് ചെയ്തു. രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടു. യുവതി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഇന്നലെയാണ് പൊന്നാനി മാതൃ ശിശു ആശുപത്രിയിൽ ഗർഭിണിക്ക് രക്തം മാറി നൽകിയത്. പാലപെട്ടി സ്വദേശി റുക്‌സാനക്ക് ഓ-നെഗറ്റീവ് രക്തത്തിന് പകരം ബി-പോസിറ്റീവാണ് നൽകിയത്. റുക്‌സാന രക്തകുറവ് അനുഭവിക്കുന്ന വ്യക്തിയാണ്.
രക്തം മാറി കയറ്റിയ ഉടനെ ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും രക്തം കയറ്റുന്നത് നിർത്തി വെക്കുകയുമായിരുന്നു. റുക്സാനയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടിയിരുന്നു.