അടിസ്ഥാന മൂല്യങ്ങളെ മുറുകെപ്പിടിച്ച് ഓര്‍ത്തഡോക്സ് സഭയെ നയിച്ച ഇടയന്‍
ഓർത്തഡോക്സ് യാക്കോബായ തർക്കത്തിന്‍റെ നിർണ്ണായക ഘട്ടത്തില്‍ സഭയുടെ തലവനായ ബാവ തന്‍റെ പൗരോഹിത്യത്തിലുടനീളം സ്വീകരിച്ച നിലപാടുകള്‍ കൊണ്ടും ശ്രദ്ധേയനായിരുന്നു
ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ഓർമ്മയാകുബോള്‍ ഓർത്തഡോക്സ് സഭയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. അടിസ്ഥാന മൂല്യങ്ങളെ മുറുകെപ്പിടിച്ച് ഓര്‍ത്തഡോക്സ് സഭയെ നയിച്ച സഭാധ്യക്ഷനായിരുന്നു അദ്ദേഹം. ഓർത്തഡോക്സ് യാക്കോബായ തർക്കത്തിന്‍റെ നിർണ്ണായക ഘട്ടത്തില്‍ സഭയുടെ തലവനായ ബാവ തന്‍റെ പൗരോഹിത്യത്തിലുടനീളം സ്വീകരിച്ച നിലപാടുകള്‍ കൊണ്ടും ശ്രദ്ധേയനായിരുന്നു.
തൃശൂര്‍ ജില്ലയിലെ പഴഞ്ഞി മങ്ങാട് കൊള്ളന്നൂര്‍ കെ.ഐ ഐപ്പിന്‍റെയും കുഞ്ഞീറ്റയുടേയും മകനായി 1946 ആഗസ്ത് 30 നായിരുന്നു ജനനം. കെ.ഐ പോള്‍ എന്നായിരുന്നു പേര്. തൃശൂര്‍ സെന്‍റ്. തോമസ് കോളേജില്‍ നിന്ന് ബി.എസ്.സിയും കോട്ടയം സി.എം.എസ് കോളേജില്‍ നിന്ന് എം.എയും കരസ്ഥമാക്കിയ അദ്ദേഹത്തിന് 1973 ല്‍ ശെമ്മാശപ്പട്ടവും വൈദീകപ്പട്ടവും 1983 ല്‍ പരുമലയില്‍ വച്ച് റമ്പാൻ സ്ഥാനം ലഭിച്ചു.
തുടർന്ന് പുതിയകാവ് സെന്‍റ്. മേരീസ് പള്ളിയില്‍ പൗലോസ് മാര്‍ മിലിത്തിയോസ് എന്ന പേരില്‍ എപ്പിസ്ക്കോപ്പയായി. പിന്നാലെ കുന്നംകുളം ഭദ്രാസനത്തിന്‍റെ പ്രഥമ മെത്രാസനാധിപനും ആയി. 2006ലാണ് പൗരസ്ത്യ കാതോലിക്കായുടേയും മലങ്കര മെത്രാപ്പൊലീത്തായുടേയും പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടത്. 2010 നവംബര്‍ ഒന്നിന് ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമൻ സ്ഥാനത്യാഗം ചെയ്തതോടെ സഭാധ്യക്ഷനുമായി.
സഭാധ്യക്ഷനായി സ്ഥാനം ഏറ്റെടുത്തപ്പോള്‍ മുതല്‍ പ്രധാന വെല്ലുവിളിയായത് യാക്കോബായ വിഭാഗവുമായുള്ള തർക്കമായിരുന്നു. 2011 സെപ്തംബറില്‍ കോലഞ്ചേരി സെന്‍റ്. പീറ്റേഴ്സ് പള്ളിയില്‍ കാതതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ ഒരാഴ്ച നീണ്ട് നിന്ന ഉപവാസ സമരം ഏറെ ശ്രദ്ധിക്കപ്പെട്ടു. കോടതി വിധി അനുകൂലമായതിനെത്തുടര്‍ന്ന് കുര്‍ബാന അനുഷ്ടിക്കാനെത്തിയ ഓര്‍ത്തഡോക്സ് വിഭാഗത്തെ തടഞ്ഞതും പിന്നീടുണ്ടായ സംഘര്‍ഷവുമാണ് സമരത്തിലേക്ക് നയിച്ചത്. അതിന് ശേഷം നിരവധി പ്രക്ഷോഭങ്ങളും സമരങ്ങളും സുപ്രീം കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ നടന്നു.
ചര്‍ച്ചകളിലെല്ലാം സഭക്ക് കിട്ടേണ്ട ന്യായമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടപ്പോള്‍ ഇടത്- വലത് വ്യത്യാസമില്ലാതെ അദ്ദേഹം രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പിന്തുണ തേടി ദേവലോകത്ത് എത്തുന്ന രാഷ്ട്രീയക്കാരോടും നീതികേടിനെക്കുറിച്ച് തുറന്നടിച്ചു. സഭയോട് അനീതി കാട്ടിയവര്‍ക്കെതിരെ തെരഞ്ഞെടുപ്പില്‍ നിലപാടെടുക്കാൻ ആഹ്വാനം ചെയ്തു.
സമാധാന ശ്രമങ്ങളുടെ ഭാഗമായി 2015 ഏപ്രില്‍ 25 ന് സുറിയാനി സഭാ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാര്‍ക്കിസ് ബാവയുമായി കൂടിക്കാഴ്ച നടത്തി. 2019 ഡിസംബറിലാണ് കാൻസര്‍ രോഗം ബാധിച്ചത്. വിദേശത്തും മറ്റും നിരവധി ചികിത്സകള്‍ നടത്തി. ഒരു വര്‍ഷമായി സഭയുടെ കീഴിലുള്ള പരുമല ആശുപത്രിയിലാണ് താമസം. കഴിഞ്ഞ മാര്‍ച്ച് 8 ന് കൊവിഡ് ബാധ സ്ഥിരികരിച്ചിരുന്നു. പിന്നീടാണ് ആരോഗ്യ നില വഷളായത്. ശാരീരിക ബുദ്ധിമുട്ടുള്ളതിനാല്‍ തന്‍റെ പിൻഗാമിയെ കണ്ടെത്താൻ കഴിഞ്ഞ സിനഡില്‍ ബാവ ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ 14 പുതിയ ബാവയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മാര്‍ത്തോമ്മ പൗലോസ് ദ്വതീയന്‍ വിട വാങ്ങിയത്.