ദേശീയപാതാ വികസനത്തിനായി കുന്ന് ഇടിച്ചുതാഴ്ത്തി; വീട് തകർന്നു വീഴാമെന്ന ഭീതിയിൽ കുടുംബം
വീടിനോട് ചേർന്ന് കൂറ്റൻ യന്ത്രങ്ങൾ ഉപയോഗിച്ച് കുന്നിടിച്ചതിനെ തുടർന്ന് ഇരുനില വീടിന്റെ ചമുരിൽ വിള്ളൽ വീണിട്ടുണ്ട്
കാസർകോട്: ദേശീയപാതാ വികസനത്തിനായി കുന്ന് ഇടിച്ചുതാഴ്ത്തിയതിനെ തുടർന്ന് ഏത് സമയവും വീട് തകർന്നു വീഴുമെന്ന ഭീതിയിൽ കഴിയുകയാണ് ഒരു കുടുംബം. കാസർകോട് ബേവിഞ്ച സ്റ്റാർനഗറിലെ കെ.മുഹമ്മദ് കുഞ്ഞിയുടെ കുടുംബമാണ് ഭീതിയിൽ കഴിയുന്നത്.
ദേശീയപാതയോട് ചേർന്നുള്ള കുന്നിൻ മുകളിലായി ഏഴ് സെന്റിലാണ് മുഹമ്മദ് കുഞ്ഞിയുടെ ഇരുനില കോൺക്രീറ്റ് വീട്. ഇവരുടെ മൂന്ന് സെന്റ് ദേശീയപാതാ വികസനത്തിനായി നേരത്തെ ഏറ്റെടുത്തിരുന്നു. ഇപ്പോൾ വീടിനോട് ചേർന്ന് കുന്ന് ഇടിച്ചുതാഴ്ത്തുകയാണ്. 20 അടിയോളം താഴ്ത്തിയാണ് ദേശീയപാത വികസിപ്പിക്കുന്നത്.
വീടിനോട് ചേർന്ന് കൂറ്റൻ യന്ത്രങ്ങൾ ഉപയോഗിച്ച് കുന്നിടിച്ചതിനെ തുടർന്ന് ഇരുനില വീടിന്റെ ചമുരിൽ വിള്ളൽ വീണിട്ടുണ്ട്. രാത്രികാലങ്ങളിലാണ് പണി നടക്കുന്നത്. പേടി കാരണം കുടുംബത്തിന് ഉറക്കം പോലും ലഭിക്കുന്നില്ല. വീടിന് സമീപത്തുണ്ടായിരുന്ന മറ്റ് കുടുംബങ്ങളുടെ സ്ഥലവും വീടും നഷ്ടപരിഹാരം നൽകി ദേശീയപാത വികസനത്തിനായി പൂർണമായും ഏറ്റെടുത്തിരുന്നു. മൂന്നു മുതൽ അഞ്ച് സെന്റ് വരെയുണ്ടായിരുന്ന ആറ് കുടുംബങ്ങളുടെ സ്ഥലവും വീടുമാണ് ഏറ്റെടുത്തിരുന്നത്. ഇത് പോലെ തങ്ങളുടെ വീട് നിൽക്കുന്ന ബാക്കി സ്ഥലം കൂടി ഏറ്റെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇതിനായി കുടുംബം ബന്ധപ്പെട്ടവർക്ക് അപേക്ഷ നൽകിയിട്ടുണ്ട്.