മുഴുവൻ പ്രതികളും ശിക്ഷിക്കപ്പെട്ടാലെ മധുവിന് നീതി ലഭിക്കൂവെന്ന് കുടുംബം
പ്രതി ചേർത്ത എല്ലാവരും കുറ്റക്കാരാണ്. വെറുതെ വിട്ട പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ സുപ്രീംകോടതി വരെ പോകുമെന്നും കുടുംബം
പാലക്കാട്: മുഴുവൻ പ്രതികളും ശിക്ഷിക്കപ്പെട്ടാലെ മധുവിന് നീതി ലഭിക്കൂവെന്ന് കുടുംബം. ഇപ്പോഴുള്ള വിധിയിൽ സന്തോഷമുണ്ട്. എന്നാൽ രണ്ട് പ്രതികളെ വെറുതെ വിട്ട നടപടി ശരിയായില്ല. പ്രതി ചേർത്ത എല്ലാവരും കുറ്റക്കാരാണ്. വെറുതെ വിട്ട പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ സുപ്രീംകോടതി വരെ പോകുമെന്നും കുടുംബം മീഡിയവണിനോട് പറഞ്ഞു.
കോടതിയോട് നന്ദി പറയുകയാണ്. രണ്ടുപേരെ വെറുതെ വിട്ട നടപടിയിൽ അവരെ ശിക്ഷിക്കാനുള്ള ശ്രമവുമായി മുന്നോട്ട് പോവുമെന്ന് സഹോദരി പറഞ്ഞു. ഇതിനെതിരെ സുപ്രീംകോടതി വരെ പോകും. മധുവിന് പൂർണമായും നീതി കിട്ടിയിട്ടില്ല. കേസിൽ 14 പേരെ മാത്രമേ ശിക്ഷിച്ചുള്ളൂവെന്നും സഹോദരി കൂട്ടിച്ചേർത്തു. ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഭീഷണി, അവഗണന തുടങ്ങി പലതും സഹിച്ചാണ് കേസ് ഇതുവരെ എത്തിച്ചത്. ഇനിയും മുന്നോട്ട് പോവുംമെന്നും സഹോദരി വ്യക്തമാക്കി.
അഞ്ച് വർഷം നീണ്ട വിചാരണാ നടപടികൾക്ക് ശേഷമാണ് അട്ടപ്പാടി മധു വധക്കേസിലെ കോടതി വിധി. ആകെയുള്ള പതിനാറ് പ്രതികളിൽ പതിനാല് പേരും കുറ്റക്കാരെന്ന് മണ്ണാർക്കാട് എസ്‍സി- എസ്ടി കോടതി വിധിച്ചു. നാല്, പതിനൊന്ന് പ്രതികളെ വെറുതെവിടുകയും ചെയ്തു. പതിനാറാം പ്രതിക്ക് മൂന്ന് മാസം തടവാണ് ശിക്ഷ. ശേഷിക്കുന്ന പതിമൂന്നു പേരുടെ ശിക്ഷാവിധിയാണ് നാളെയുണ്ടാവുക. അതേസമയം വിധിക്കെതിരെ അപ്പീൽ പോകുമെന്ന് പ്രതിഭാഗം അറിയിച്ചു.