ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത കുടുംബം രാത്രി എത്തിപ്പെട്ടത് പാടത്ത്; നാട്ടുകാർ വടംകെട്ടി വലിച്ച് രക്ഷപ്പെടുത്തി
എടരിക്കോട് പാലച്ചിറമാടാണ് സംഭവം. കാറിൽ കുടുംബസമേതം യാത്ര ചെയ്യുകയായിരുന്ന പൊന്മുണ്ടം സ്വദേശിയാണ് ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് പണി വാങ്ങിയത്.
തിരൂർ: തിരൂർ പൊന്മുണ്ടത്ത് നിന്ന് പുതുപ്പറമ്പിലേക്ക് യാത്രപുറപ്പെട്ട കുടുംബം ഗൂഗിൾ മാപ്പ് നോക്കി പെരുവഴിയിലായി. എടരിക്കോട് പാലച്ചിറമാടാണ് സംഭവം. കാറിൽ കുടുംബസമേതം യാത്ര ചെയ്യുകയായിരുന്ന പൊന്മുണ്ടം സ്വദേശിയാണ് ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് പണി വാങ്ങിയത്. മാപ്പിൽ കാണിച്ച വഴിയിലൂടെ യാത്ര ചെയ്ത ഇയാൾ എത്തിപ്പെട്ടത് പാലച്ചിറമാടിലെ കുത്തനെയുള്ള ഇറക്കത്തിലാണ്. ഇറക്കം ചെന്ന് അവസാനിച്ചതാകട്ടെ ഒരു പാടത്തും.
അബദ്ധം സംഭവിച്ചതറിഞ്ഞ് കാർ പിറകോട്ട് എടുക്കാൻ ശ്രമിച്ചെങ്കിലും വാഹനം ഓഫാകുകയും ചെയ്തു. ഇതോടെ അർധരാത്രി പെരുവഴിയിലായ കുടുംബം മറ്റുവഴിയില്ലാതെ കാർ ഉപേക്ഷിച്ച് റോഡിലേക്ക് തിരിച്ചു നടക്കുകയായിരുന്നു. പിന്നീട് മറ്റൊരു വാഹനം വരുത്തിയാണ് ഇവർ യാത്ര തുടർന്നത്. പിറ്റേന്ന് രാവിലെ പ്രദേശവാസികൾ എത്തി വടംകെട്ടി വലിച്ചാണ് സ്ഥലത്ത് നിന്ന് കാർ കയറ്റിയത്.