ഉറങ്ങാന്‍ പോയ കുടുംബം രാവിലെ വെന്തുമരിച്ച നിലയില്‍; ഞെട്ടിത്തരിച്ച് നാട്ടുകാര്‍
രാത്രി സ്വസ്ഥമായി ഉറങ്ങാന്‍ പോയ കുടുംബത്തെ രാവിലെ വെന്തുമരിച്ച നിലയില്‍ കാണേണ്ടി വന്ന സങ്കടത്തിലാണ് നാട്ടുകാര്‍
ഒരു നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ് വര്‍ക്കല ദളവാപുരത്തെ രാഹുല്‍ നിവാസിലെ ദുരന്തം. ഇന്നു പുലര്‍ച്ചെയുണ്ടായ തീപിടിത്തം ഒരു കുടുംബത്തെ ഒന്നാകെയാണ് കവര്‍ന്നെടുത്തത്. എട്ടു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞും അതിലുള്‍പ്പെടുന്നു. രാത്രി സ്വസ്ഥമായി ഉറങ്ങാന്‍ പോയ കുടുംബത്തെ രാവിലെ വെന്തുമരിച്ച നിലയില്‍ കാണേണ്ടി വന്ന സങ്കടത്തിലാണ് നാട്ടുകാര്‍.
വര്‍ക്കല പുത്തന്‍ചന്തയില്‍ പച്ചക്കറിക്കട നടത്തുന്ന പ്രതാപൻ (62), ഭാര്യ ഷേർളി (53), മരുമകൾ അഭിരാമി (25), ഇളയമകൻ അഖിൽ (29), അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള റയാന്‍ എന്നിവരാണ് തീപിടിത്തത്തില്‍ മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മൂത്ത മകന്‍ നിഹുലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കാര്‍ ഷെഡിനുള്ളില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകള്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. ഇവിടെ നിന്നും തീ ഉയരുന്നതു കണ്ടിട്ടാണ് പ്രദേശവാസികള്‍ സ്ഥലത്തേക്ക് എത്തുന്നത്. ഫയര്‍ഫോഴ്സ് എത്തുമ്പോഴേക്കും വീട്ടില്‍ തീ ആളിക്കത്തുകയായിരുന്നു. വീടിന്‍റെ മുഴുവന്‍ മുറികളിലേക്കും തീ പടര്‍ന്നിരുന്നു.