കഞ്ചാവ് വാങ്ങാനെന്ന വ്യാജേന വിളിച്ചുവരുത്തി, തൊണ്ടി സഹിതം പിടികൂടി പൊലീസിലേൽപ്പിച്ച് രക്ഷിതാവ്; ദൃശ്യങ്ങൾ മീഡിയവണിന്
കോഴിക്കോട് തളിക്ഷേത്ര പരിസരത്തുവെച്ചാണ് പ്രതിയെ ആസൂത്രിതമായി പിടികൂടിയത്
കോഴിക്കോട്: നഗരത്തിൽ വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് വിൽക്കുന്നയാളെ ആസൂത്രിതമായി കുടുക്കി മയക്കുമരുന്നിൽ നിന്നും മോചിതനായ വിദ്യാർഥിയുടെ പിതാവ്. പൊറാട്ട നാസർ എന്നറിയപ്പെടുന്ന അൻസാറിനെയാണ് പൊലീസ് പിടികൂടിയത്. വിൽപ്പനക്കാരനെ കഞ്ചാവ് വാങ്ങാനെന്ന വ്യാജേനെ കുട്ടിയെക്കൊണ്ട് വിളിച്ചുവരുത്തി പിടികൂടി പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതികളെ പിടികൂടുന്ന ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു
നർക്കോട്ടിക് സെല്ലും പൊലീസും ഏറെനാളായി അന്വേഷിക്കുന്നയാളാണ് നാസർ. മുപ്പത്തി അഞ്ചോളം പരാതികളാണ് ഇയാളുമായി ബന്ധപ്പെട്ട് നർക്കോട്ടിക് സെല്ലിന് ലഭിച്ചത്. എന്നാൽ ഇയാളുടെ പക്കൽനിന്ന് മതിയായ തെളിവുകളൊന്നും ലഭിക്കാതിരുന്നതിനാല്‍ അറസ്റ്റ് ചെയ്യാനോ കസ്റ്റഡിയിലെടുക്കാനോ സാധിച്ചിരുന്നില്ല. എന്നാൽ ലഹരി ഉപയോഗത്തിൽ നിന്ന് മുക്തനായ വിദ്യാർഥിയുടെ പിതാവ് ആസൂത്രിതമായി നടത്തിയ ഓപ്പറേഷനിലൂടെ ഇയാളെ പിടികൂടുകയായിരുന്നു.
നാട്ടുകാർ ഉൾപ്പെടെയുള്ളവരുടെ സഹായത്താല്‍ തളി ക്ഷേത്രപരിസരത്തുവെച്ചാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കൽനിന്ന് കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. കസബ പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.