സംസ്ഥാനത്ത് സിനിമ പ്രദര്‍ശനം ബുധനാഴ്ച മുതല്‍; മരയ്ക്കാര്‍ തിയേറ്ററില്‍ തന്നെയെത്തും
നിലവിലെ സാഹചര്യത്തില്‍ 50 ശതമാനം മാത്രമാണ് തിയേറ്റര്‍ പ്രവേശനം ഇത് മാറ്റണമെന്ന ആവശ്യം ഉടമകള്‍ ഉന്നയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് സിനിമ പ്രദര്‍ശനം ബുധനാഴ്ച മുതല്‍ ആരംഭിക്കും ആദ്യമെത്തുക അന്യഭാഷ ചിത്രങ്ങള്‍. മരക്കാര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് തിയേറ്റര്‍ ഉടമകള്‍ പറഞ്ഞു. അടഞ്ഞു കിടന്ന സമയത്തെ കെട്ടിട നികുതി ഒഴിവാക്കണമെന്ന ആവശ്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ അനുകൂല തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും ഉടമകള്‍ പറഞ്ഞു.
ആദ്യം പ്രദര്‍ശനത്തിനെത്തുക ജെയിംസ് ബോണ്ട് ചിത്രം 'നോ ടൈം ടു ഡൈ'. നവംബര്‍ 12ന് ദുല്‍ഖറിന്റെ കുറുപ്പും 25ന് സുരേഷ് ഗോപിയുടെ കാവലും പ്രദര്‍ശനത്തിനെത്തും. നിലവിലെ സാഹചര്യത്തില്‍ 50 ശതമാനം മാത്രമാണ് തിയേറ്റര്‍ പ്രവേശനം ഇത് മാറ്റണമെന്ന ആവശ്യം ഉടമകള്‍ ഉന്നയിച്ചിട്ടുണ്ട്. നിലവില്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുന്നുള്ളൂ. ഇതില്‍ മാറ്റം വരുത്തണമെന്നതും സര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുണ്ട്. വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് 50 ശതമാനമായി കുറയ്ക്കുക, വിനോദ നികുതി ഒഴിവാക്കുക തുടങ്ങിയ പ്രധാനപ്പെട്ട ആവശ്യങ്ങളാണ് തിയറ്ററുടമകള്‍ സര്‍ക്കാരിന് മുന്നില്‍ വെച്ചിരുന്നത്. ഇതില്‍ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന ഉറപ്പ് കിട്ടിയിട്ടുണ്ടെന്നും തിയേറ്റര്‍ ഉടമകള്‍ പറഞ്ഞു.
മരയ്ക്കാര്‍ ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണ്. ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ് സംബന്ധിച്ച് തങ്ങള്‍ക്ക് ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും തിയേറ്റര്‍ ഉടമകള്‍ പറഞ്ഞു. മരയ്ക്കാര്‍ ഒഴികെ സമീപകാലത്ത് നിര്‍മിക്കപ്പെട്ട മിക്ക ചിത്രങ്ങളും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണ്. ഒടിടി ഒരു താല്‍ക്കാലിക പ്രതിഭാസമാണ്. അതിലേക്ക് കൂടുതല്‍ സിനിമകള്‍ പോകില്ല. താല്‍ക്കാലിക പ്രതിസന്ധി മറികടക്കാന്‍ കുറച്ച് സിനിമികള്‍ ഒടിടിയില്‍ റിലീസ് ചെയ്തുവെന്നു മാത്രം. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ചിത്രങ്ങള്‍ തുടര്‍ച്ചയായി റിലീസ് ചെയ്യുന്നതിലെ ആശങ്ക നിര്‍മാതാക്കളോടും താരങ്ങളോടും പങ്കുവെച്ചിട്ടുണ്ടെന്നും തിയേറ്റര്‍ ഉടമകള്‍ പറഞ്ഞു.