ജനകീയ പ്രക്ഷോഭത്തിന് മുന്നിൽ സർക്കാരിന് കീഴടങ്ങേണ്ടി വന്നു: വെൽഫയർ പാർട്ടി
''ശ്രീറാം വെങ്കിട്ടരാമന്റെത് അനിവാര്യ സ്ഥാനകയറ്റം എന്ന് ന്യായീകരിച്ചവർക്ക് ജനകീയ പ്രക്ഷോഭത്തിന് മുന്നിൽ കീഴടങ്ങേണ്ടി വന്നിരിക്കുന്നു''
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടർ സ്ഥാനത്ത്‌നിന്ന് നീക്കിയ സർക്കാർ നടപടിയിൽ കേരള മുസ്ലിം ജമാഅത്തിനും പ്രതിഷേധിച്ചവർക്കും അഭിവാദ്യമർപ്പിച്ച് വെൽഫയർ പാർട്ടി. ജനകീയ പ്രക്ഷോഭത്തിന് മുന്നിൽ സർക്കാരിന് കീഴടങ്ങേണ്ടി വന്നുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ് ഫേസ്ബുക്കിൽ കുറിച്ചു. ശ്രീറാം വെങ്കിട്ടരാമനെ കലക്ടർ സ്ഥാനത്ത്‌നിന്ന് നീക്കിയ നടപടിക്ക് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ശ്രീറാം വെങ്കിട്ടരാമന്റെത് അനിവാര്യ സ്ഥാനകയറ്റം എന്ന് ന്യായീകരിച്ചവർക്ക് ജനകീയ പ്രക്ഷോഭത്തിന് മുന്നിൽ കീഴടങ്ങേണ്ടി വന്നിരിക്കുന്നു.കലക്ടറാക്കി ഉത്തരവിട്ട് , മണിക്കൂറുകൾക്കുള്ളിൽ ചുമതല ഏൽപ്പിച്ച് സർക്കാർ ജനങ്ങളെ പരീക്ഷിച്ച് നോക്കുകയായിരുന്നു. പക്ഷേ നീതി ആവശ്യമുള്ളവരുടെ പോരാട്ട ചൂട് കേരളക്കര കാണുന്നതിന് അത് വഴി തുറന്നു. നേർ ബുദ്ധി തോന്നാത്ത ഭരണാധികാരികളുടെ അന്യായത്തിനെതിരെ പ്രതിഷേധിച്ച മുഴുവൻ പേർക്കും ഉജ്ജ്വലമായ സമരത്തിന് നേതൃത്വം കൊടുത്ത കേരള മുസ്ലിം ജമാഅത്തിനും അഭിവാദ്യങ്ങൾ.