പ്രതികൾ ആർ.എസ്.എസ് ആകുമ്പോൾ സർക്കാരിന് മെല്ലെപ്പോക്ക് നയം: പി.എം.എ സലാം
പാതാളത്തോളം ക്ഷമിച്ചുവെന്നാണ് സി.പി.എം നേതൃത്വം പറയുന്നത്. മറുഭാഗത്ത് ആർ.എസ്.എസ് ആകുമ്പോൾ ഉളള ഈ പാതാള ക്ഷമ കേരളം പലതവണ ദർശിച്ചതാണ്.
രാഷ്ട്രീയ കൊലപാതകങ്ങളിൽ റെക്കോർഡിട്ട ഭരണമാണിതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ് പി.എം.എ സലാം. പ്രതികൾ ആർ.എസ്.എസോ സംഘ്പരിവാർ പ്രവർത്തകരോ ആകുമ്പോൾ കേസ് അന്വേഷിക്കുന്നതിൽ സർക്കാരിന് മെല്ലെപ്പോക്ക് നയമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ സി.പി.എം പ്രവർത്തകൻ കൊല ചെയ്യപ്പെട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ആറ് കൊല്ലം തുടർച്ചയായി ആഭ്യന്തരവകുപ്പ് കൈയാളിയിട്ട് സ്വന്തം പാർട്ടി പ്രവർത്തകരുടെ ജീവന് പോലും സംരക്ഷണം നൽകാൻ പോലീസിനും ഭരണസംവിധാനത്തിനും സാധിക്കുന്നില്ല എന്നത് ഏറെ ഗൗരവതരമാണ്. ഇത്രയധികം രാഷ്ട്രീയ കൊലപാതകങ്ങൾ നടന്ന ഒരു കാലഘട്ടം കേരള ചരിത്രത്തിലുണ്ടായിട്ടില്ല. പിണറായിയുടെ ആഭ്യന്തര വകുപ്പ് ലോക പരാജയമാണെന്നതിന് മറ്റ് ഉദാഹരണങ്ങൾ ആവശ്യമില്ലെന്നും പി.എം.എ സലാം പറഞ്ഞു.
രാഷ്ട്രീയമായി എതിർ ചേരിയിലുളളവരെ ഏത് വിധേനെയും വകവരുത്തുക എന്നതാണ് സി.പി.എമ്മും ആർ.എസ്.എസും പിന്തുടരുന്ന നയം. എന്നാൽ കുറ്റകൃത്യങ്ങളിൽ പ്രതിസ്ഥാനത്ത് ആർ.എസ്.എസ് ആകുമ്പോൾ സി.പി.എമ്മും സർക്കാരും സ്വീകരിക്കുന്ന സമീപനം ഏത് രീതിയിലാണെന്നത് സമീപകാല സംഭവങ്ങൾ തെളിയിച്ചതാണ്. തങ്ങളുടെ പ്രവർത്തകർ കൊല ചെയ്യപ്പെടുന്നതിൽ
പാതാളത്തോളം ക്ഷമിച്ചുവെന്നാണ് സി.പി.എം നേതൃത്വം പറയുന്നത്. മറുഭാഗത്ത് ആർ.എസ്.എസ് ആകുമ്പോൾ ഉളള ഈ പാതാള ക്ഷമ കേരളം പലതവണ ദർശിച്ചതാണ്. ''പാടത്തെ പണിക്ക് വരമ്പത്ത് കൂലി'' എന്ന പാർട്ടി നയത്തിൽ ആർ.എസ്.എസിന് മാത്രം ഇളവ് നൽകിയതാണല്ലോ ചരിത്രം- പി.എം.എ സലാം പറഞ്ഞു.