വിഴിഞ്ഞം തുറമുഖ നിര്‍മാണം വൈകുന്നതിൽ സർക്കാരിന് കടുത്ത അതൃപ്തി
നാളെ അദാനി പോര്‍ട്സ് സി.ഇ.ഒ കരണ്‍ അദാനി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണം വൈകുന്നതിൽ സർക്കാരിന് കടുത്ത അതൃപ്തി. നാളെ അദാനി പോര്‍ട്സ് സി.ഇ.ഒ കരണ്‍ അദാനി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും പങ്കെടുക്കും. അടുത്ത വര്‍ഷം ആദ്യം തുറമുഖത്ത് കപ്പലടുപ്പിക്കും വിധം നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് കമ്പനിയോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കരാര്‍ പ്രകാരം വിഴഞ്ഞം തുറമുഖത്തിന്‍റെ ഒന്നാം ഘട്ടം പൂര്‍ത്തിയാകേണ്ടിയിരുന്നത് 2019 ഡിസംബര്‍ 3ന്. 2024 ഡിസംബര്‍ 3ന് പൂര്‍ത്തിയാക്കാമെന്നാണ് ഇപ്പോള്‍ അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ അറിയിച്ചത്. എന്നാല്‍ സമയം നീട്ടിച്ചോദിച്ചതില്‍ സര്‍ക്കാര്‍ അതൃപ്തി അറിയിക്കുകയും കരാര്‍ ലംഘനത്തിന് നോട്ടീസ് അയക്കുകയും ചെയ്തു. മോശം കാലാവസ്ഥയടക്കം 17 കാരണങ്ങളാണ് പദ്ധതി വൈകാന്‍ കാരണമെന്ന് അദാനി ഗ്രൂപ്പ് നോട്ടീസിന് മറുപടി നല്‍കി. ഇത് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ഇതിനെതിരെ കമ്പനി ആര്‍ബിട്രേഷന്‍ ഫയല്‍ ചെയ്തിരിക്കുകയാണ്.
പുതുക്കിയ ഷെഡ്യൂളിന് സര്‍ക്കാര്‍ അംഗീകാരം നേടി നിയമപ്രശ്നങ്ങള്‍ അവസാനിപ്പിക്കാനാണ് അദാനി പോര്‍ട്സ് സി.ഇ.ഒ കരണ്‍ അദാനി മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്നത്. പുലിമുട്ട് നിര്‍മാണം വൈകുന്നതാണ് പദ്ധഥി വൈകാന്‍ പ്രധാന കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. 3100 മീറ്റര്‍ നിര്‍മിക്കേണ്ടയിടത്ത് ഇതുവരെ 1350 മീറ്റര്‍ മാത്രമാണ് പൂര്‍ത്തിയായത്.