ഐ.എന്‍.എല്ലിനെ ഒഴിവാക്കി സർക്കാർ ഹജജ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു

2006ന് ശേഷം ആദ്യമായാണ് ഐ.എന്‍.എല്‍ പ്രതിനിധിയില്ലാതെ ഹജ്ജ് കമ്മറ്റി വരുന്നത്

Update: 2021-08-14 07:21 GMT
Editor : Jaisy Thomas | By : Web Desk
Advertising

പാർട്ടി പിളർപ്പിന്‍റെ പശ്ചാത്തലത്തില്‍ ഐ.എന്‍.എല്ലിനെ ഒഴിവാക്കി സർക്കാർ ഹജജ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. 2006ന് ശേഷം ആദ്യമായാണ് ഐ.എന്‍.എല്‍ പ്രതിനിധിയില്ലാതെ ഹജ്ജ് കമ്മറ്റി വരുന്നത്. ഒഴിവാക്കിയത് കാര്യമാക്കുന്നില്ലെന്നും സ്ഥാനമാനങ്ങൾക്ക് പിന്നാലെ പോവാറില്ലെന്നും ഐ.എന്‍.എല്‍ ജനറല്‍ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് സുലൈമാന്‍ പ്രതികരിച്ചു.

എല്‍.ഡി.എഫ് അംഗത്വം ഔദ്യോഗികമായി ലഭിക്കുന്നത് മുമ്പ് തന്നെ ഹജ്ജ് കമ്മിറ്റിയില്‍ ഐ.എന്‍.എല്ലിന് പ്രാതിനിധ്യമുണ്ടായിരുന്നു. നീലേശ്വരം നഗരസഭ കൌണ്‍സിലറായ ഷംസുദ്ദീന്‍ അരിഞ്ചിറയായിരുന്നു കാലാവധി തീർന്ന ഹജ്ജ് കമ്മറ്റിയിലെ ഐ.എന്‍.എല്‍ പ്രതിനിധി. എന്നാല്‍ പുതിയ കമ്മിറ്റിയുടെ പട്ടിക വന്നപ്പോള്‍ ഐ.എന്‍.എല്‍ പ്രതിനിധിയില്ല. എപി വിഭാഗം നേതാവ് സി മുഹമ്മദ് ഫൈസി വീണ്ടും ചെയർമാനാകുന്ന കമ്മറ്റിയില്‍ എല്‍.ഡി.എഫുമായി ബന്ധമുള്ള മറ്റ് പാർട്ടികള്‍ക്കും സമസ്ത ഉള്‍പ്പെടെ മറ്റു മുസ് ലിം സംഘടനകള്‍ക്കും പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്.

പുനഃസംഘടന ഘട്ടത്തില്‍ വഹാബ് പക്ഷം എല്‍.ഡി.എഫ് നേതൃത്വത്തെ ബന്ധപ്പെട്ടിരുന്നെങ്കിലും പിളർപ്പ് പ്രശ്നം പരിഹരിക്കാതെ പരിഗണിക്കില്ലെന്ന് വ്യക്തമാക്കി. അതേസമയം ഹജ്ജ് കമ്മിറ്റിയില്‍ ഒഴിവാക്കിയതിനെ കാര്യമാക്കുന്നില്ലെന്നായിരുന്നു കാസിം പക്ഷത്തോടൊപ്പം നിലയുറപ്പിക്കുന്ന ദേശീയ നേതൃത്വത്തിന്‍റെ പ്രതികരണം. ഒന്നിച്ചു പോകണമെന്ന മുന്നറിയിപ്പിന് ശക്തി പകരുകയാണ് ഹജ്ജ് കമ്മറ്റിയില്‍ ഒഴിവാക്കിയതിലൂടെ എല്‍.ഡി.എഫ് നേതൃത്വം ചെയ്യുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News