'വി.സിക്കെതിരെ ഗവർണർ നടത്തിയ ആരോപണം സർക്കാർ അന്വേഷിക്കണം' - വി.ഡി സതീശൻ

കണ്ണൂർ വൈസ് ചാൻസലർ ക്രിമിനലാണെന്നും തന്നെ കായികമായി നേരിടാൻ ഗൂഢാലോചന നടത്തിയെന്നും ഗവർണർ പറഞ്ഞിരുന്നു

Update: 2022-08-21 09:40 GMT
Advertising

കണ്ണൂർ വി.സിക്കെതിരെ ഗവർണർ നടത്തിയ ആരോപണം സംസ്ഥാന സർക്കാർ അന്വേഷിക്കണമെന്ന് വി.ഡി സതീശൻ. ഇതിന്‍റെ സത്യാവസ്ഥ അറിയില്ലെന്നും വി.സിമാരെ ഉപയോഗിച്ച് സർക്കാർ ബന്ധുനിയമനം നടത്തുകയാണെന്നും സതീശന്‍ ആരോപിച്ചു.

'സർക്കാർ ബന്ധു നിയമനങ്ങളെ ന്യായീകരിക്കുകയാണ്, ആറ് വർഷത്തെ ബന്ധുനിയമനങ്ങൾ അന്വേഷിക്കണം. ഗവർണറെ അപായപ്പെടുത്താൻ വി.സി ശ്രമിച്ചെന്ന ആരോപണം സർക്കാർ അന്വേഷിക്കണം'. സതീശൻ പറഞ്ഞു. പ്രതിപക്ഷത്തിന് ഗവർണറോട് വ്യക്തിപരമായ വിരോധമില്ല. ഗവർണർ പറയുന്നതിൽ വാസ്തവം ഉണ്ടോ എന്ന് മുഖ്യമന്ത്രി പറയണം. മൗനം തുടർന്നാൽ മുഖ്യമന്ത്രിയുടെ അറിവോടെ ആണ് നിയമനം നടന്നതെന്ന് കരുതേണ്ടി വരും. ഏറാന്‍മൂളികളായ വി.സികളെ സൃഷ്ടിക്കാനുള്ള നീക്കമാണ് സർക്കാർ ഇപ്പോൾ നടത്തുന്നത്. അതിനുള്ള ഭേദഗതിയുമായാണ് സര്‍ക്കാർ മുന്നോട്ട് പോകുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നേരത്തെ കണ്ണൂർ സർവകലാശാല വി.സി ഗോപിനാഥ് രവീന്ദ്രനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു. കണ്ണൂർ വൈസ് ചാൻസലർ ക്രിമിനലാണെന്നും അദ്ദേഹം മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചുവെന്നും തന്നെ കായികമായി നേരിടാൻ ഗൂഢാലോചന നടത്തിയെന്നും ഗവർണർ പറഞ്ഞു. ചരിത്ര കോൺഗ്രസ് പരിപാടിയിൽ തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമം നടന്നു. ഇത് വി സിയുടെ അറിവോടെ ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ വി സി ഒപ്പിട്ടില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി. അതേസമയം, വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും തന്‍റെ ഈഗോ തൃപ്തിപ്പെടുത്താനല്ല നടപടികളെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമനം നൽകിയതുമായി ബന്ധപ്പെട്ട് ഗവർണർ സ്വീകരിച്ച നടപടിക്ക് ശേഷം വി.സി നടത്തിയ പ്രതികരണങ്ങളും അഭിമുഖങ്ങളും ഗവർണറെ ചൊടിപ്പിച്ചിരുന്നു. നിയമനം മരവിപ്പിച്ച ഗവർണറുടെ നടപടിക്കെതിരേ കേസ് കൊടുക്കാൻ നേരത്തെ സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു.വി.സിയുടെ നിയമന ചുമതലയുള്ള ചാൻസലറായ ഗവർണർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതും നിയമനടപടിക്കായി സിൻഡിക്കേറ്റ് യോഗം വിളിച്ചുകൂട്ടിയതും ഗുരുതരമായ ചട്ടലംഘനമാണെന്നാണ നിയമോപദേശമാണ് രാജ്ഭവന് ലഭിച്ചത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News