ഷിഗല്ല സ്ഥിരീകരിച്ച് ചികിത്സയിലുള്ള നാല് കുട്ടികളുടെ ആരോഗ്യനില തൃപ്തികരം
കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ച കേസിൽ കൂൾ ബാർ ഉടമയ്‌ക്കെതിരെ ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയേക്കും
കാഞ്ഞങ്ങാട്: ഷിഗല്ല സ്ഥിരീകരിച്ച് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള നാല് കുട്ടികളുടെ ആരോഗ്യനില തൃപ്തികരം. ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ച കേസിൽ കൂൾ ബാർ ഉടമയ്‌ക്കെതിരെ ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയേക്കും.
ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് കരിവള്ളൂർ പെരളം സ്വദേശിനിയായ ദേവനന്ദ മരിച്ച സംഭവത്തിൽ ചെറുവത്തൂർ ബസ്സ്റ്റാന്റിൽ പ്രവർത്തിക്കുന്ന ഐഡിയൽ കൂൾ ബാർ ഉടമക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് സൂചന. വിദേശത്തുള്ള കട ഉടമ കുഞ്ഞഹമ്മദിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. മാനേജിംഗ് പാട്ണർ അടക്കം മൂന്ന് പേരെ ഇത് വരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, ഷവർമ കഴിച്ചു ചർദ്ദി ഉൾപ്പടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥികളിൽ 4 പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികൾക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്. 49 കുട്ടികളാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. എല്ലാ കുട്ടികളുടെയും ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ഷിഗല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചു.