പെരിയ കേസില്‍ സി.ബി.ഐ അന്വേഷണം നാലു മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

പതിനൊന്നാം പ്രതി പ്രദീപിന്‍റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിർദേശം

Update: 2021-08-05 03:41 GMT
Editor : Jaisy Thomas | By : Web Desk
Advertising

പെരിയ ഇരട്ടക്കൊലപാതക കേസിൽ സി.ബി.ഐ അന്വേഷണം നാലു മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. പതിനൊന്നാം പ്രതി പ്രദീപിന്‍റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിർദേശം. രണ്ടു വർഷത്തിലധികമായി പ്രതികൾ ജയിലിൽ കഴിയുകയാണെന്നും കോടതി നിരീക്ഷിച്ചു.

പെരിയ കേസില്‍ കേസില്‍ സി.ബി.ഐ അന്വേഷണമെന്ന ആവശ്യത്തോട് തുടക്കം മുതല്‍ സംസ്ഥാന സർക്കാർ പുറംതിരിഞ്ഞ് നിന്നിരുന്നു. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും ബന്ധുക്കള്‍ നിലപാടെടുത്തു. എന്നിട്ടും എല്ലാം നേർവഴിക്കാണെന്ന വാദത്തിലായിരുന്നു സർക്കാർ. അവസാനം ഹൈക്കോടതിയില്‍‌ നിന്നും സി.ബി.ഐ അന്വേഷണത്തിന് അനുകൂലമായ ഉത്തരവ് വന്നു. അപ്പോഴും സർക്കാർ വഴങ്ങിയില്ല. നിയമ പോരാട്ടം ഡിവിഷന്‍ ബെഞ്ചിന് മുന്നിലും എത്തി. എല്ലായിടത്തും തിരിച്ചടി നേരിട്ടപ്പോഴും കേസ് രേഖകള്‍ വിട്ടു കൊടുക്കാതെ നിലപാടില്‍ ഉറച്ച് സുപ്രിം കോടതിയില്‍ എത്തി സര്‍ക്കാർ. എന്നാല്‍ അവിടെയും തിരിച്ചടി നേരിട്ടു. ഒടുവില്‍ കേസ് സി.ബി.ഐ അന്വേഷിക്കുന്നത് തടയണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം സുപ്രിം കോടതി തള്ളുകയായിരുന്നു. കേസിന്‍റെ രേഖകൾ എത്രയും വേഗത്തിൽ പൊലീസ് സിബിഐക്ക് കൈമാറണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു.

ഫെബ്രുവരി 17ന് രാത്രിയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News