ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടറെ മർദിച്ച സംഭവം അപലപനീയം: വീണാ ജോര്‍ജ്

വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിന് മർദിച്ചെന്നാണ് പരാതി. കേസിൽ മട്ടാഞ്ചേരി സ്വദേശികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

Update: 2023-07-01 09:45 GMT
Advertising

കൊച്ചി:എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടറെ മർദിച്ച സംഭവം അപലപനീയമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാർ ആക്രമിക്കപ്പെട്ട സംഭവം അംഗീകരിക്കാൻ ആകില്ല. കർശനമായ നടപടി സ്വീകരിക്കും. ആരോഗ്യ പ്രവർത്തകരോട് പൊതുസമൂഹം മാന്യമായി പെരുമാറണം. ഡോക്ടർമാർക്ക് ഭയമില്ലാതെ പ്രവർത്തിക്കാൻ കഴിയണം. വീണാ ജോര്‍ജ് പറഞ്ഞു.


ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്.  ചികിത്സയ്ക്ക് എത്തിയവർ ഡോക്ടറെ നിലത്തിട്ട് ചവിട്ടി. വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിന് മർദിച്ചെന്നാണ് പരാതി. കേസിൽ മട്ടാഞ്ചേരി സ്വദേശികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയിലെ ഹൗസ് സർജനായ ഡോക്ടർ ഹരീഷ് മുഹമ്മദിനാണ് മർദനമേറ്റത്.



സഹപ്രവർത്തകയോട് അപമര്യാദയോടെ പെരുമാറിയത് ചോദ്യം ചെയ്തതോടെ പ്രതികൾ ഡോക്ടറെ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതികളെ എറണാകുളം സെൻട്രൽ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. മട്ടാഞ്ചേരി സ്വദേശികളായ ജോസ്, റോബിൻ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുളളത്. അത്യാഹിത വിഭാഗത്തിൽ അനുമതിയില്ലാതെ പ്രതികൾ എങ്ങനെ എത്തി എന്നതുൾപ്പെടെ അന്വേഷിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് മീഡിയവണിനോട് പ്രതികരിച്ചു. ജനറൽ ആശുപത്രിയിൽ നേരത്തെയും ഡോക്ടർക്ക് മർദനമേൽക്കുന്ന സംഭവം ഉണ്ടായിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ആശുപത്രിയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News