ഹരിത നേതാക്കളെ ചര്‍ച്ചക്ക് വിളിച്ച് ലീഗ് നേതൃത്വം

ഹരിതയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ലീഗ് നേതാക്കൾ യോഗം ചേര്‍ന്നിരുന്നു

Update: 2021-08-14 06:26 GMT
Editor : Jaisy Thomas | By : Web Desk
Advertising

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മുസ്‍ലിം ലീഗ് നേതൃത്വം ഹരിത നേതാക്കളെ ചർച്ചക്ക് ക്ഷണിച്ചു. വൈകിട്ട് 4.30ന് പാണക്കാട് വച്ചാണ് ചർച്ച നടക്കുന്നത്.

ഹരിതയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ലീഗ് നേതാക്കൾ യോഗം ചേര്‍ന്നിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, എം. കെ മുനീർ, പി.എം.എ സലാം എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. എം.എസ്.എഫ് - ഹരിത നേതാക്കളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. ചർച്ചകൾ പൂർത്തിയായ ശേഷം പാർട്ടി സെക്രട്ടറി കാര്യങ്ങൾ വിശദീകരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്‍ലി ലീഗിനകത്തെ ആഭ്യന്തര പ്രശ്നങ്ങള്‍ നേതൃത്വത്തിന് തലവേദനയായിരിക്കെയാണ് എം.എസ്.എഫിന്‍റെ വിദ്യാര്‍ഥിനി വിഭാഗമായ ഹരിതയിലെ നേതാക്കള്‍ പി.കെ നവാസിനെതിരെ വനിതാ കമ്മീഷനെ സമീപിച്ചത്. പ്രതിരോധത്തിലായ ലീഗ് നേതൃത്വം ഇലക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ്. ചില എം.എസ്.എഫ് ഭാരവാഹികള്‍ വഴി ലീഗ് നേതൃത്വം ഹരിത സംസ്ഥാന പ്രസിഡന്‍റ് മുഫീദ തെസ്നി, ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറ എന്നിവരോട് സംസാരിച്ചു. പരാതി പിന്‍വലിക്കുകയാണങ്കില്‍ നവാസിനെതിരെ നടപടിയെടുക്കാമെന്നാണ് അവരെ അറിയിച്ചത്.

പക്ഷേ ആദ്യം നടപടി പിന്നീട് പരാതി പിന്‍വലിക്കല്‍ എന്ന നിലപാടിലാണ് ഹരിത നേതൃത്വം. ഇതോടെ വനിതാ കമ്മീഷനെ സമീപിച്ചവര്‍ക്കെതിരെ നടപടിയെടുപ്പിക്കാനുള്ള ശ്രമങ്ങള്‍ മറുവിഭാഗം നടത്തുന്നുണ്ട്. അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിക്കുമെന്ന അഭിപ്രായമുള്ളവരും ലീഗ് നേതൃത്വത്തിലുണ്ട്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസും മലപ്പുറം ജില്ലാ സെക്രട്ടറി വി. അബ്ദുൽ വഹാബും സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് ഹരിത ഭാരവാഹികൾ വനിതാ കമ്മീഷനെ സമീപിച്ചത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News