കത്ത് വിവാദം; ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട് നാളെ ഡിജിപിക്ക് കൈമാറും
വിജിലൻസിന്റെ പ്രാഥമിക അന്വേഷണം പൂർത്തിയാക്കാൻ ഇനിയും കാലതാമസം എടുക്കുമെന്നാണ് വിവരം
തിരുവനന്തപുരം: കോർപ്പറേഷൻ കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട് നാളെ ഡിജിപിക്ക് കൈമാറും. ക്രൈംബ്രാഞ്ച് എഡിജിപി മുഖേനെയാണ് പ്രാഥമിക റിപ്പോർട്ട് നൽകുക. വ്യാജരേഖ ചമച്ചതിന് കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. കേസ് സിബിഐ അന്വേഷിക്കണമെന്ന ഹരജി ഹൈക്കോടതി ഈ മാസം 25ന് പരിഗണിക്കും. അതിനുമുമ്പായി എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനാണ് നീക്കം. സംസ്ഥാന ഏജൻസികൾ കേസ് അന്വേഷിക്കുന്നുണ്ടെന്ന് ഹൈക്കോടതിയിൽ അറിയിക്കും.
വിജിലൻസിന്റെ പ്രാഥമിക അന്വേഷണം പൂർത്തിയാക്കാൻ ഇനിയും കാലതാമസം എടുക്കുമെന്നാണ് വിവരം. അതേസമയം ഇന്നും മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധങ്ങളാൽ തലസ്ഥാനം ഇന്നും പ്രക്ഷുബ്ധമാകും.
ബിജെപി കൗൺസിലർമാർ നടത്തിവരുന്ന അനിശ്ചിതകാല ഉപവാസ സമരവും യുഡിഎഫ് കൗൺസിലർമാർ നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹവും തുടരുകയാണ്. ശനിയാഴ്ച നടക്കാനിരിക്കുന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ ശക്തമായ പ്രതിഷേധങ്ങൾ ഉയർത്താൻ ആണ് പ്രതിപക്ഷത്തിന്റെ തീരുമാനം.