ജാമ്യത്തിലിറങ്ങി വന്ന വഴിയിൽ സ്കൂട്ടർ മോഷ്ടിച്ചു; സി.സി.ടി.വിയിൽ കുടുങ്ങി, പ്രതി പിടിയിൽ

​പൊലീസുകാരന്റെ കാർ മോഷ്ടിച്ചതിനാണ് ഇയാൾ അറസ്റ്റിലായിരുന്നത്

Update: 2024-08-10 16:07 GMT
Advertising

തിരുവനന്തപുരം: ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ കറങ്ങിനടന്ന് മോഷണം നടത്തുന്ന വാഹന മോഷ്ടാവ് പാലോട് പൊലീസിന്റെ പിടിയിലായി. മടത്തറ മുല്ലശ്ശേരി കുഴിവിള പുത്തൻവീട്ടിൽ സംജു (41) ആണ് പിടിയിലായത്. പാലോട് സ്വദേശിയുടെ സ്കൂട്ടർ മോഷ്ടിച്ചെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്.

കഴിഞ്ഞ മാസം പാങ്ങോട് സ്റ്റേഷൻ പരിധിയിൽനിന്നും ഡിവൈ.എസ്.പി ഓഫീസിൽ ജോലിയുള്ള പൊലീസുകാരൻ്റെ കാർ മോഷ്ടിച്ചതിന് അറസ്റ്റിലായിരുന്നു. ആ കേസിൽ ജാമ്യത്തിലിറങ്ങിയ അതേ ദിവസമാണ് ഇയാൾ സ്കൂട്ടർ മോഷ്ടിക്കുന്നത്.

പാങ്ങോട്, ചിതറ, ആറ്റിങ്ങൽ, കിളിമാനൂർ എന്നീ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി വാഹനമോഷണ കേസുകൾ നിലവിലുണ്ട്. നെടുമങ്ങാട് ഡിവൈ.എസ്.പി കെ.എസ്. അരുണിന്റെ നിർദേശത്തിൽ പാലോട് എസ്.എച്ച്.ഒ അനീഷ് കുമാർ, എസ്.ഐ ശ്രീനാഥ്, ജി .എസ്.സി .പി .ഒമാരായ രഞ്ജിത് രാജ്, സൂരജ്, ഷൈല ബീവി എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News