'മേയർ ആർക്കും കത്ത് നൽകിയിട്ടില്ല'; വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നഗരസഭ
വിവാദത്തിൽ ഔദ്യോഗികമായി അന്വേഷണം നടക്കുകയാണെന്നും നഗരസഭ
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദത്തിൽ വിശദീകരണവുമായി തിരുവനന്തപുരം നഗരസഭ. ആരോഗ്യ വിഭാഗത്തിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് മേയർ ആര്യാ രാജേന്ദ്രൻ ആർക്കും കത്ത് നൽകിയിട്ടില്ലെന്ന് നഗരസഭ പ്രസ്താവനയിറക്കി. മേയർ സ്ഥലത്തിലെത്തില്ലാത്ത സമയത്താണ് കത്ത് കൈമാറിയതായി കാണുന്നതെന്നും വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നഗരസഭ വ്യക്തമാക്കി. വിവാദത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നഗരസഭയുടെ വിശദീകരണം.
ഇത്തരത്തിൽ കത്ത് നൽകുന്ന പതിവ് നിലവിലില്ല. വിശദമായ വിവരങ്ങൾ അന്വേഷണത്തിലൂടെ മാത്രമെ കണ്ടെത്താനാകു. ഔദ്യോഗികമായി അന്വേഷണം നടക്കുകയാണെന്നും നഗരസഭ അറിയിച്ചു. നഗരസഭയേയും മേയറേയും ഇകഴ്ത്തി കാട്ടാൻ ചിലർ നേരത്തേയും ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. വിവാദത്തിന്റെ പശ്ചാത്തലത്തിൽ തസ്തികകളിലേക്കുള്ള നിയമനം റദ്ദാക്കാനും തുടർന്ന് എംപ്ലോയ്‌മെന്റ് ഏക്സ്ചേഞ്ച് വഴി നിയമനം നടത്താനും നഗരസഭ തീരുമാനിച്ചതായും അറിയിച്ചു.
കോർപറേഷനിലെ താൽക്കാലിക നിയമനത്തിനായി മേയർ പാർട്ടിക്ക് അയച്ച കത്തിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചിരുന്നു. നഗരസഭ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ അനിൽ ആണ് കത്ത് നൽകിയത്. 295 താൽക്കാലിക തസ്തികകളിലേക്കു മുൻഗണന പട്ടിക തയ്യാറാക്കി നൽകണമെന്നാവശ്യപ്പെട്ടാണ് മേയർ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ ഈ മാസം ഒന്നിന് അയച്ച കത്താണ് പുറത്ത് വന്നിരിക്കുന്നത്.
ചില പാർട്ടി നേതാക്കളുടെ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പരസ്യമായി പ്രചരിപ്പിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. പാർട്ടിയ്ക്കയച്ച കത്ത് പുറത്ത് വന്നതിനെ സിപിഎം നേതൃത്വം ഗൗരവമായിട്ടാണ് കാണുന്നത്. നഗരസഭയിലെ പാർലമെന്ററി പാർട്ടി ഓഫീസിൽ നിന്നാണ് കത്ത് പുറത്ത് പോയതെന്നാണ് സിപിഎം വിലയിരുത്തൽ. പാർലമെൻററി പാർട്ടി സെക്രട്ടറിക്കെതിരെ നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ പറയുന്നത്. വ്യാജ കത്താണെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. പ്രധാന തസ്തികകൾ മുതൽ താൽക്കാലിക ഒഴിവുകളിൽ വരെ സിപിഎം ഇഷ്ടക്കാരെ കുത്തിനിറയ്ക്കുകയാണെന്ന പ്രതിപക്ഷ ആക്ഷേപം നിലനിൽക്കുന്നതിനിടെ പുറത്ത് വന്ന കത്ത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.