സാംസ്കാരിക മന്ത്രിയും അയാളുടെ വിവരക്കേടും; ബോഡിഷെയ്മിങ് പരാമർശത്തിൽ പ്രതികരണവുമായി ഹരീഷ് പേരടി
ഫാൻസ് അസോസിയേഷൻ എന്ന സംഘടനാ സംവിധാനമില്ലാതെ ജനമനസ്സുകളിൽ ഒന്നാം സ്ഥാനത്തെത്തിയ,രാജ്യാന്തര പുരസ്കാരങ്ങൾ വാങ്ങിയ മഹാനടനാണ് ഇന്ദ്രൻസ്
തിരുവനന്തപുരം: നിയമസഭയിലെ വി.എൻ വാസവന്‍റെ ബോഡിഷെയ്മിങ് പരാമർശത്തിനെതിരെ പ്രതികരണവുമായി ഹരീഷ് പേരടി. ഫാൻസ് അസോസിയേഷൻ എന്ന സംഘടനാ സംവിധാനമില്ലാതെ ജനമനസ്സുകളിൽ ഒന്നാം സ്ഥാനത്തെത്തിയ,രാജ്യാന്തര പുരസ്കാരങ്ങൾ വാങ്ങിയ മഹാനടനാണ് ഇന്ദ്രൻസെന്നും എപ്പാഴും അത്ഭുതങ്ങൾ സൃഷ്ടിക്കാവുന്ന നടനാണെന്നുമാണ് ഹരീഷ് പറഞ്ഞത്. സാംസ്കാരിക മന്ത്രിയും അയാളുടെ വിവരക്കേടും ജനങ്ങള്‍ അവർക്ക് അർഹതപ്പെട്ടത് തിരെഞ്ഞെടുത്തതായി കാണാനാണ് തത്കാലം നമ്മുടെ വിധിയെന്നും അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
2022ലെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെയായിരുന്നു രാജ്യത്തെ കോൺഗ്രസിന്റെ അവസ്ഥ വിവരിച്ച് വാസവൻ വിവാദ പരാമർശം നടത്തിയത്. ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോൺഗ്രസ് ഇപ്പോൽ മലയാള സിനിമയിലെ ഇന്ദ്രൻസിന്റെ വലിപ്പത്തിലെത്തിയെന്നായിരുന്നു വാസവൻ പറഞ്ഞത്. സംഭവം വിവാദമായതോടെ മന്ത്രി തന്നെ നേരിട്ട് പരാമർശം പിൻവലിക്കുകയും സഭാരേഖകളിൽനിന്ന് നീക്കാൻ സ്പീക്കറോട് കത്തുമുഖേന ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം നിങ്ങളുടെ കൈയിൽ ഭരണം തന്നതാണ്. ഇപ്പോൾ എവിടെയെത്തി? കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചില്ലാതായി എന്നു പറഞ്ഞ സ്ഥിതിയായി. രാജസ്ഥാനിലും ഇപ്പോൾ ഹിമാചലിൽ ഭരണം കിട്ടിയപ്പോഴും രണ്ടു ചേരിയായി തിരിഞ്ഞ് മുഖ്യമന്ത്രിക്ക് മുന്നിൽ മുദ്രാവാക്യം മുഴക്കുകയാണ്. ഇതാണ് നിങ്ങളുടെ ഗതികേട്. ഇന്ത്യൻ സിനിമയിലെ അമിതാഭ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോൺഗ്രസ് ഇപ്പോൾ മലയാള സിനിമയിലെ ഇന്ദ്രൻസിന്റെ വലിപ്പത്തിലെത്തി നിൽക്കുന്ന അവസ്ഥയാണെന്നുമാണ് വിവാദ പ്രസംഗത്തിൽ വി.എൻ വാസവൻ പറഞ്ഞത്.
ഇതിനുശേഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കമുള്ളവർ പരാമർശത്തിനെതിരെ രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ പരാമർശം ബോഡി ഷെയ്മിങ്ങാണെന്നും ഇതു രാഷ്ട്രീയപരമായി ശരിയല്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി. സാംസ്‌കാരിക മന്ത്രിയാണ് ഇത്തരമൊരു പരാമർശം നടത്തിയത്. ഒരാളും ഇത്തരമൊരു പരാമർശം നടത്താൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.പരാമർശം സഭാരേഖകളിൽനിന്ന് മാറ്റാൻ മന്ത്രി തന്നെ ആവശ്യപ്പെട്ട കാര്യം സ്പീക്കർ സഭയെ ഉണർത്തുകയും രേഖകളിൽ പരാമർശങ്ങൾ ഉണ്ടാകില്ലെന്ന് അറിയിക്കുകയും ചെയ്തു.
ഹരീഷ് പേരടിയുടെ പോസ്റ്റിന്‍റെ പൂർണരൂപം
വട്ട പൂജ്യത്തിൽ എത്തിയാലും എപ്പോൾ വേണമെങ്കിലും ഇൻഡ്യയിൽ അത്ഭുതങ്ങൾ ഉണ്ടാക്കാവുന്ന ഒരു പാർട്ടിയാണ് കോൺഗ്രസ്സ് ...കാരണം അതിന് കൃത്യമായ സംഘടനാ സംവിധാനങ്ങളില്ലാ എന്നതുതന്നെയാണ് അതിന്റെ മഹത്വം ...ആർക്കും ആരെയും ചോദ്യം ചെയ്യാം..എത്ര ഗ്രൂപ്പുകൾ ഉണ്ടാക്കിയാലും ആരും കുലംകുത്തിയാവില്ല...ആരെയും പടിയടച്ച് പിണ്ഡം വെക്കില്ല...അതുകൊണ്ട്തന്നെ ജനാധിപത്യത്തിൽ കോൺഗ്രസ്സിന്റെ സ്ഥാനം എപ്പോഴും ഒന്നാമതാണ്..കൊടിയുടെ മുകളിൽ എഴുതിവെച്ച കൃത്രിമമായ സ്വാതന്ത്യവും സോഷ്യലിസവും ജനാധിപത്യവും അല്ല അതിനുള്ളിൽ...മനുഷ്യന്റെ എല്ലാ ഗുണവും ദോഷവും അടങ്ങിയ പാർട്ടി...വികാരങ്ങളെ നിയന്ത്രിക്കാത്ത മനുഷ്യരുടെ പാർട്ടി...എപ്പോൾ വേണമെങ്കിലും തിരിച്ചു വരാം..അതുപോലെ തന്നെയാണ് ഇന്ദ്രൻസേട്ടനും..ഫാൻസ് അസോസിയേഷൻ എന്ന സംഘടനാ സംവിധാനമില്ലാതെ ജനമനസ്സുകളിൽ ഒന്നാം സ്ഥാനത്തെത്തിയ,രാജ്യാന്തര പുരസ്കാരങ്ങൾ വാങ്ങിയ മഹാനടൻ...എപ്പോഴും അത്ഭുതങ്ങൾ സൃഷ്ടിക്കാവുന്ന നടൻ...പിന്നെ സാസംകാരിക മന്ത്രിയും അയാളുടെ വിവരകേടും..എല്ലാ ജനതയും അവർക്ക് അർഹതപ്പെട്ടതെ തിരഞ്ഞെടുക്കാറുള്ളു...അങ്ങിനെ കാണാനാണ് തത്കാലം നമ്മുടെ വിധി...🙏🙏🙏❤️❤️❤️