'ആക്ഷേപിച്ചാൽ മന്ത്രിസ്ഥാനം റദ്ദാക്കും'; ഭീഷണിയുമായി ഗവർണർ
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ടെന്നും എന്നാൽ പദവിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങളുണ്ടായാൽ കടുത്ത നിലപാട് സ്വീകരിക്കുമെന്നുമാണ് ഗവർണറുടെ ഭീഷണി.
തിരുവനന്തപുരം: സർക്കാറിന് മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ പദവിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നതടക്കമുള്ള നടപടിയുണ്ടാവുമെന്ന് ഗവർണർ ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ടെന്നും എന്നാൽ പദവിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങളുണ്ടായാൽ കടുത്ത നിലപാട് സ്വീകരിക്കുമെന്നുമാണ് ഗവർണറുടെ ഭീഷണി.
സർക്കാർ ഗവർണർ പോര് തുടങ്ങിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനം വിളിച്ച് ഗവർണർക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. അതിന് ശേഷമാണ് ഗവർണർ കേരളത്തിലെ മാധ്യമങ്ങളോട് സംസാരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചത്.
മുഖ്യമന്ത്രി പരസ്യമായ നിലപാട് സ്വീകരിച്ചതിന് പിന്നാലെ പി. രാജീവ് അടക്കമുള്ള മന്ത്രിമാർ ഗവർണറുടെ നിലപാടിനെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത നടപടിയുണ്ടാവുമെന്ന് ഗവർണർ മുന്നറിയിപ്പ് നൽകിയത്.