'സുരക്ഷ ഒരുക്കണം'; അമൽജ്യോതി കോളജ് സമർപ്പിച്ച ഹരജി ഇന്ന് പരിഗണിക്കും

കോളജിൽ നിലവിലുള്ള സംഘർഷാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ഒരുക്കാൻ നിർദേശം നൽകണമെന്നാണ് ആവശ്യം

Update: 2023-06-09 08:17 GMT
Advertising

കോട്ടയം: പൊലീസ് സംരക്ഷണം തേടി കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജ് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എൻ നഗരേഷിന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുക. കോളജിൽ നിലവിലുള്ള സംഘർഷാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ഒരുക്കാൻ നിർദേശം നൽകണമെന്നാണ് ആവശ്യം. ബിടെക് ഫുഡ് ആൻഡ് ടെക്നോളജി വിദ്യാർഥിയായ ശ്രദ്ധയുടെ മരണത്തെ തുടർന്നാണ് കോളജിൽ സംഘർഷം ഉണ്ടായത്.

അതിനിടെ, ശ്രദ്ധ സതീഷിന്റെ കുടുംബം ആരോപണം ഉന്നയിച്ചതോടെ വെട്ടിലായിരുക്കുകയാണ് പൊലീസ്. ആത്മഹത്യക്കുള്ള കാരണം കുറിപ്പിൽ വ്യക്തമല്ലെന്നാണ് പൊലീസിന്റെ വാദം. ഇതിനെതിരെ കോടതിയെ സമീപിക്കാനാണ് ശ്രദ്ധയുടെ കുടുംബം ആലോചിക്കുന്നത്.

കത്തിൽ ആത്മഹത്യയുടെ കാരണമില്ലെന്നും കാരണം കണ്ടെത്താനുള്ള അന്വേഷണമാണ് നടത്തുകയെന്നുമായിരുന്നു അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ വാദം. എന്നാൽ കത്തെന്ന് പോലീസ് പറയുന്ന ഒന്നുമില്ലെന്നും കഴിഞ്ഞ വർഷത്തെ ഒരു സ്നാപ് ചാറ്റാണ് പോലീസ് ആത്മഹത്യാ കുറിപ്പായി വ്യാഖ്യാനിക്കുന്നതെന്നും കുടുംബം പറയുന്നു.

അന്വേഷണ സംഘത്തിൻ്റെ വാദത്തിൻ്റെ മുനയൊടിഞ്ഞതോടെ ഇനി യഥാർത്ഥ വസ്തുത കണ്ടെത്തേണ്ടിവരും. പൊലീസ് മാനേജ്മെൻ്റുമായി ഒത്തുകളിക്കുന്നുവെന്ന് പറയുന്ന കുടുംബം, കോളജ് വർഗീയത കളിക്കുന്നുവെന്നും പറയുന്നുണ്ട്. സർക്കാർ മുൻകയ്യെടുത്ത് നടത്തിയ ചർച്ച ഏകപക്ഷീയമാണെന്നും പറഞ്ഞു. ഇതോടെ കെട്ടടങ്ങിയെന്ന് കരുതിയ അമൽജ്യോതി ആത്മഹത്യാ പ്രശ്നം സർക്കാരിനും പോലിസിനും തലവേദനയാകും. നിലവിലെ സാഹചര്യത്തിൽ അന്വേഷണം നിഷ്പക്ഷമായി നടത്തുന്നതിന് പോലീസിന് പരിമിതിയുണ്ടെന്ന് കാണിച്ചാകും കുടുംബം കോടതിയെ സമീപിക്കുക.

അതേസമയം, ശ്രദ്ധ മരിച്ച മുറിയിലെ കുറിപ്പിനെ കുറിച്ചാണ് പറഞ്ഞതെന്നാണ് പൊലീസിന്റെ വാദം. ഈ കുറിപ്പ് ആത്മത്യാക്കുറിപ്പാണോ എന്നത് ഫോറൻസിക് പരിശോധനയിൽ മാത്രമേ വ്യക്തമാകൂ എന്നും പ്രതിഷേധിച്ച കുട്ടികളുടെ ഭാവി തകർക്കുന്ന ഒരു നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകില്ല എന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് അറിയിച്ചു.


Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News