പത്തനംതിട്ട വെച്ചൂച്ചിറയിലെ യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു
ചാത്തൻതറ സ്വദേശി കെ.എസ്.അരവിന്ദാണ് അറസ്റ്റിലായത്
പത്തനംതിട്ട: വെച്ചൂച്ചിറയിലെ യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തൻതറ സ്വദേശി കെ.എസ്.അരവിന്ദാണ് അറസ്റ്റിലായത്. ഭാര്യയെ ഇയാൾ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി. ഒക്ടോബർ 30നാണ് യുവതി ആത്മഹത്യ ചെയ്തത്.
ഇവർ ആത്മഹത്യ ചെയത സ്ഥലത്ത് നിന്നും മൊബൈൽ ഫോണും ബാഗും ചെരിപ്പും കണ്ടെത്തിയിരുന്നു. ഈ മൊബൈൽ ഫോൺ പരിശോധിച്ചതിനെ തുടർന്നാണ് ഭർത്താവിന്റെ അറസ്റ്റിലേക്ക് നയിക്കുന്ന തെളിവുകൾ ലഭിച്ചത്.
ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഈ ബന്ധം ചോദ്യം ചെയ്തതിനെ തുടർന്ന് ഭർത്താവും അടുപ്പത്തിലുള്ള സ്ത്രീയും തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആത്മഹത്യ ചെയത യുവതി മറ്റൊരു സ്ത്രീക്ക് ഒരു ഫോൺ സന്ദേശം അയച്ചിരുന്നു. ഇതാണ് കേസിൽ വഴിതിരിവായത്. ഇതിനെ തുടർന്നാണ് ഭർത്താവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ഗാർഹിക പീഡനം, ശാരീരികമായി ഉപദ്രവിക്കൽ, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.