'ഹണിട്രാപ്, ഹോട്ടലിലെത്തിച്ച് പണം തട്ടാൻ ശ്രമം'; സിദ്ദീഖ് വധക്കേസിൽ മലപ്പുറം എസ്.പി എസ്. സുജിത് ദാസ്

റൂമെടുത്ത ശേഷം സിദ്ദീഖിന്റെ നഗ്നഫോട്ടോയെടുക്കാൻ പ്രതികൾ ശ്രമിച്ചെന്നും പണത്തിനായി തർക്കമുണ്ടായെന്നും എസ്.പി

Update: 2023-05-27 07:43 GMT
Advertising

കോഴിക്കോട്: ഒളവണ്ണയിലെ ഹോട്ടലുടമയും തിരൂർ സ്വദേശിയുമായ സിദ്ദീഖ് വധക്കേസിൽ വെളിപ്പെടുത്തലുമായി പൊലീസ്. സംശയിച്ചത് പോലെ സംഭവം ഹണിട്രാപായിരുന്നുവെന്നും ഹോട്ടലിൽ മുറിയെടുത്തത് ഇതിനായിരുന്നുവെന്നും മലപ്പുറം എസ്.പി സുജിത്ദാസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മൂന്നുപേരെയും മലപ്പുറം ഡി.വൈ.എസ്.പി ഓഫീസിൽ വെച്ച് എസ്.പി യുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.

ഹണിട്രാപ് വിവരം മൂന്നു പ്രതികൾക്കും അറിയാമെന്നും 18ാം തിയ്യതി ഷൊർണൂരിൽ നിന്ന് ഫർഹാനയും ആശിഖും ട്രെയിനിൽ വന്നിരുന്നുവെന്നും ഷിബിലിയടക്കം മൂന്നു പ്രതികളും സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്നും എസ്.പി പറഞ്ഞു. റൂമെടുത്ത ശേഷം രണ്ടു പേരും സംസാരിക്കവേ സിദ്ദീഖിന്റെ നഗ്നഫോട്ടോയെടുക്കാൻ പ്രതികൾ ശ്രമിച്ചെന്നും പണത്തിനായി തർക്കമുണ്ടായെന്നും വ്യക്തമാക്കി. ഇതോടെ പ്രതികളുമായുള്ള മൽപ്പിടുത്തത്തിൽ സിദ്ദീഖ് താഴെ വീണു, അപ്പോൾ ഫർഹാന കയ്യിൽ കരുതിയ ചുറ്റിക ഉപയോഗിച്ച് ഷിബിലി സിദ്ദീഖിനെ ആക്രമിച്ചു. തലയിലാണ് ആക്രമിച്ചത്. ആശിഖ് നെഞ്ചത്ത് ചവിട്ടുകയും ചെയ്തു. ഇതിൽ വാരിയെല്ലുകൾ തകർന്നു. തുടർന്ന് മൂവരും ചേർന്ന് ഇയാളെ മർദിച്ചു കൊല്ലുകയായിരുന്നു.

'സിദ്ദീഖിനെ ഹണിട്രാപ് ചെയ്യുമ്പോൾ ആക്രമണമുണ്ടായാൽ പ്രതിരോധിക്കാൻ ഒരുങ്ങിയാണ് പ്രതികൾ എത്തിയിരുന്നത്. കൊലപാതക ശേഷം മാനഞ്ചിറയിൽ പോയി അവർ ആദ്യം ഒരു ട്രോളി ബാഗ് വാങ്ങി. എന്നാൽ അതിൽ മൃതദേഹം കയറാത്തതിനാൽ പിറ്റേദിവസം കട്ടർ വാങ്ങി. തലേന്ന് പോയ അതേ കടയിൽ നിന്ന് ഒരു ട്രോളി ബാഗ് കൂടി വാങ്ങി. തുടർന്ന് ജി 4 റൂമിലെ കുളിമുറിയിൽ വെച്ച് കഷ്ണങ്ങളാക്കുകയും ബാഗിലാക്കി അട്ടപ്പാടി ചുരത്തിൽ കൊണ്ടുപോയി തള്ളി. തുടർന്ന് പ്രതികൾ ഉപയോഗിച്ച വസ്ത്രമടക്കമുള്ള കാര്യങ്ങൾ ഒരു സ്ഥലത്ത് കൊണ്ടുപോയി തള്ളി, കാറും ഉപേക്ഷിച്ചു. മറ്റു സാധനങ്ങൾ വേറൊരു സ്ഥലത്തും കൊണ്ടുപോയിട്ടു. ഈ സ്ഥലങ്ങൾ അവർ പറഞ്ഞിട്ടുണ്ട്. അവിടെങ്ങളിൽ പോയി ഉടൻ തെളിവ് ശേഖരിക്കും' എസ്.പി സുജിത് ദാസ് വ്യക്തമാക്കി.

ഷിബിലിയാണ് കാര്യങ്ങൾ ആസൂത്രണം ചെയ്‌തെന്നും ചെന്നൈയിലെത്തി അസമിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. സിദ്ദീഖുമായി ഫർഹാനയുടെ പിതാവിന് പരിചയമുണ്ടായിരുന്നുവെന്നും പറഞ്ഞു. കാർ ചെറുതിരുത്തിയിൽ കൊണ്ടുപോയി ഉപേക്ഷിച്ച ശേഷം ഫർഹാനയെ വീട്ടിൽ വിടുകയായിരുന്നുവെന്നും ഷിബിലിയാണ് കാർ ഓടിച്ചതെന്നും എസ്.പി പറഞ്ഞു.

അതേസമയം, സിദ്ദീഖിന്റെ മരണകാരണം നെഞ്ചിലേറ്റ ചവിട്ടാകാമെന്നാണ് പോസ്റ്റ്‌മോർട്ടം നിഗമനം. വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെന്നും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. വാരിയെല്ലുകൾ പൊട്ടിയതായും തലയിൽ അടിയേറ്റ പാടുകളുള്ളതായും കണ്ടെത്തി. മരിച്ച ശേഷമാണ് സിദ്ദീഖിന്റെ ശരീരം പ്രതികൾ വെട്ടിമുറിച്ചത്. ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് കാലുകൾ മുറിച്ചുമാറ്റിയെന്നും കണ്ടെത്തലുണ്ട്.

അതേസമയം, ഇന്നലെ എട്ടരയോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ സിദ്ദീഖിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. ശേഷം രാത്രി 11:30ഓടെ വീട്ടിലെത്തിച്ച മൃതദേഹം തിരൂർ കോരങ്ങത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.


Full View

The police revealed the honey trap in the case of the murder of Siddique, a hotel owner in Olavanna and a native of Tirur.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News