കൊടും ക്രൂരത; അശോക് ദാസിനെ മർദിച്ച് കൊന്നതാണെന്ന് പൊലീസ്
കെട്ടിയിട്ട ശേഷവും മർദനം തുടർന്നു, തലക്കും ശ്വാസകോശത്തിനും പരിക്കേറ്റതാണ് മരണ കാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ഇതര സംസ്ഥാനതൊഴിലാളിയായ അശോക് ദാസിനെ മർദിച്ച് കൊന്നതാണെന്ന് മുവാറ്റുപുഴ ഡി.വൈ.എസ്.പി എ.ജെ.തോമസ്. വനിതാ സുഹൃത്തിനെ കാണാൻ വന്ന അശോക് ദാസ് ക്രൂരമായ മർദ്ദനമേറ്റാണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. മർദനത്തിൽ തലക്കും ശ്വാസകോശത്തിനും പരിക്കേറ്റതിന് പിന്നാലെ അമിത രക്ത സ്രാവവുമുണ്ടായതാണ് മരണകാരണമെന്ന് പോസ്റ്റമോർട്ടം റിപ്പോർട്ട്.
മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തി.ഇവ പ്രതികൾ ഡിലീറ്റ് ചെയ്തതെങ്കിലും സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് വീണ്ടെടുത്തു. അശോക് ദാസും പെൺകുട്ടികളും തമ്മിൽ തർക്കമുണ്ടായി. അശോക് ദാസ് വീട്ടിനുള്ളിൽ വച്ച് സ്വയം കൈകൾക്ക് മുറിവേൽപ്പിച്ചു..തുടർന്ന് പുറത്തിറങ്ങിയപ്പോൾ നാട്ടുകാർ ചോദ്യം ചെയ്ത് മർദിച്ചു. തുടർന്ന് കെട്ടിയിട്ട ശേഷവും മർദിച്ചുവെന്നും പോലീസ്.
പെൺകുട്ടികളുടെ രഹസ്യ മൊഴി രജിസ്ട്രേറ്റിനു മുന്നിൽ രേഖപ്പെടുത്തിയ പൊലീസ് പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. പ്രതികൾ കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു. മൊബൈലിലെ പല ദൃശ്യങ്ങളും പ്രതികൾ ഡിലീറ്റ് ചെയ്തിരുന്നു.അത് വീണ്ടെടുക്കാൻ പോലീസ് സൈബർ സെല്ലിന്റെ സഹായം തേടി.
അതെ സമയം സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ പത്തു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയേക്കും. പെൺസുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പത്ത് പേരെ കസ്റ്റഡിയിലെടുത്തത്. മരിച്ച അരുണാചൽ സ്വദേശി അശോക് ദാസിന്റെ (26) മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനിൽക്കും.
വ്യാഴാഴ്ച രാത്രി 12 മണിയോടെ വാളകം കവലയിലാണ് അശോക് ദാസിനെ കെട്ടിയിട്ട് മർദ്ദിച്ചത്. ഹോട്ടലിൽ ഒപ്പം ജോലി ചെയ്തിരുന്ന പെൺ സുഹൃത്തിന്റെ വീട്ടിൽ രാത്രി എത്തിയതിനാണ് ആൾക്കൂട്ടം കട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. അവശനിലയിലായ അശോക് ദാസിനെ പൊലീസെത്തിയാണ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെത്തിച്ചത്. തുടർന്നാണ് വിദഗ്ധ ചികിത്സക്ക് കോട്ടയം മെഡിക്കലകോളജിലേക്ക് മാറ്റാനുള്ള നീക്കത്തിനിടയിൽ രണ്ട് മണിയോടെ അശോക് ദാസ് മരിക്കുകയായിരുന്നു.