കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട എബ്രഹാമിന്‍റെ പോസ്റ്റ്മോർട്ടം ഇന്ന്; കൂരാച്ചുണ്ടിൽ ഇന്ന് എൽ.ഡി.എഫ്-യു.ഡി.എഫ് ഹർത്താൽ

എബ്രഹാമിൻ്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സര്‍ക്കാര്‍ ധന സഹായം പ്രഖ്യാപിച്ചിട്ടുണ്ട്

Update: 2024-03-06 00:53 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോഴിക്കോട്: കോഴിക്കോട് കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ എബ്രഹാമിന്‍റെ പോസ്റ്റ്മോർട്ടം ഇന്നുണ്ടാകും. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം കക്കയത്തെ വസതിയിലേക്ക് കൊണ്ടു പോകും. എബ്രഹാമിൻ്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സര്‍ക്കാര്‍ ധന സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമിച്ച കാട്ടുപോത്തിനെ വെടി വെക്കാൻ വനം വകുപ്പ് ഉത്തരവിട്ട സാഹചര്യത്തിൽ മയക്കു വെടി വെക്കാനുള്ള നടപടികളും ഇന്നുണ്ടാകും. കൂരാച്ചുണ്ട് പഞ്ചായത്തിൽ എൽ.ഡി.എഫിൻ്റെയും യു.ഡി.എഫിൻ്റെയും നേതൃത്വത്തിൽ ഇന്ന് ഹർത്താൽ  നടത്തുന്നുണ്ട്. വന്യ ജീവി ആക്രമണങ്ങളിൽ നടപടിയാവശ്യപ്പെട്ട് പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

വന്യമൃഗാക്രമണം തടയാൻ നടപടി സ്വീകരിക്കണമെന്ന് എബ്രഹാമിന്‍റെ മകൻ ആവശ്യപ്പെട്ടു. കുടുംബത്തിന് അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും മരിച്ച കർഷകന്‍റെ മകൻ ജോബിഷ് മീഡിയവണിനോട് പറഞ്ഞു.

അതേസമയം തൃശൂർ പെരിങ്ങൽകുത്തിൽ ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധം കടുക്കുന്നു. പെരിങ്ങൽക്കുത്തിനു സമീപം വാച്ചുമരം കോളനിയിലെ ഊരുമൂപ്പൻ രാജൻ്റെ ഭാര്യ വൽസയാണ് ഇന്നലെ കൊല്ലപ്പെട്ടത്. ഭർത്താവിനൊപ്പം കാട്ടിൽ വന വിഭവം ശേഖരിക്കാൻ ചെന്ന ഇരുവരെയും ആന ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ചാലക്കുടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധം ആർഡിഒ, ഡി.എഫ്.ഒ തുടങ്ങിയവരുമായുള്ള ചർച്ചയ്ക്ക് ശേഷം രാത്രി അവസാനിപ്പിച്ചു. കൊല്ലപ്പെട്ട വൽസയുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തുകയുടെ ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപ ഇന്ന് നൽകും. അതിരപ്പള്ളി - മലക്കപ്പാറ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ ശക്തമായ പ്രതിഷേധമാണ് വനം വകുപ്പിനെതിരെ ഉയരുന്നത്. വത്സയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News