രണ്ടാം പിണറായി മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യതയേറുന്നു
സർക്കാർ അധികാരത്തിലെത്തി ഒരു വർഷം മാത്രം കഴിയുന്ന അവസരത്തിൽ പുനഃസംഘടന ആലോചനയിൽ ഇല്ലെന്നാണ് നേതൃത്വത്തിന്‍റെ വിശദീകരണം
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യതയേറുന്നു. സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ മന്ത്രിമാർക്കെതിരെ ഉയർന്ന വ്യാപക വിമർശനങ്ങൾ ഇതിനുള്ള അരങ്ങൊരുക്കലാണെന്നാണ് വിലയിരുത്തൽ. സർക്കാർ അധികാരത്തിലെത്തി ഒരു വർഷം മാത്രം കഴിയുന്ന അവസരത്തിൽ പുനഃസംഘടന ആലോചനയിൽ ഇല്ലെന്നാണ് നേതൃത്വത്തിന്‍റെ വിശദീകരണം.
രണ്ടാം വരവിൽ പിണറായി സർക്കാർ അത്ര പോരെന്ന പൊതു വിലയിരുത്തൽ പാർട്ടിയിലും ശക്തമാണെന്നതിന്‍റെ സൂചനയാണ് കഴിഞ്ഞ രണ്ട് ദിവസമായി പുറത്ത് വരുന്നത്. രൂക്ഷമായ വിമർശനങ്ങളാണ് സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും ഭരണത്തിനെതിരെ ഉയർന്നുവന്നത്. ആദ്യ പിണറായി സർക്കാരുമായാണ് ജനം ഈ സർക്കാരിനെയും താരതമ്യം ചെയ്യുന്നത്. അതുകൊണ്ട് മന്ത്രിമാരുടെ ഭാഗത്ത് നിന്ന് തിരുത്തലുകൾ ആവശ്യമാണെന്ന തരത്തിലായിരുന്നു ചർച്ചകൾ . അധികം വൈകാതെയുള്ള മന്ത്രിസഭാ പുനഃസംഘടന ലക്ഷ്യമിട്ടാണിതെന്ന അഭ്യൂഹങ്ങളുണ്ട്.
പുതുമുഖങ്ങളെ അണിനിരത്തി രൂപീകരിച്ച രണ്ടാം പിണറായി മന്ത്രിസഭ പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ പോകുന്നതിന് കാരണം മന്ത്രിമാരുടെ പരിചയക്കുറവാണെന്ന അഭിപ്രായം മുൻ മന്ത്രിമാർ അടക്കമുള്ള മുതിർന്ന നേതാക്കൾ നേതൃയോഗങ്ങളിൽ പങ്കുവച്ച് കഴിഞ്ഞു. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ മന്ത്രിമാർക്ക് കഴിയുന്നില്ലെന്നും വിമർശനമുണ്ടായി. മന്ത്രിമാരുടെ പേരെടുത്ത് പറഞ്ഞായിരുന്നില്ല, വിമർശനങ്ങളെങ്കിലും വകുപ്പുകൾക്കെതിരെ ഉയർന്ന വിമർശനം ലക്ഷ്യമിടുന്നത് മന്ത്രിമാരെത്തന്നെയാണ്. ഇത് ഉൾക്കൊണ്ടുള്ള മാറ്റം വൈകാതെ മന്ത്രിസഭയിൽ ഉണ്ടായാലും അത്ഭുതപ്പെടാനില്ല. സംഘടനാപരമായും ചില ക്രമീകരണങ്ങൾ സി.പി.എമ്മിൽ വരുത്തിയേക്കും.
സർക്കാരിന്‍റെയും പാർട്ടിയുടെയും പ്രവർത്തനം കൂടുതൽ ജനകീയമാക്കാനുള്ള തയ്യാറെടുപ്പിലാണ് സി.പി.എം. അങ്ങനെ വരുമ്പോൾ മന്ത്രിമാരുടെ പ്രവർത്തന ശൈലിയിലും മാറ്റമുണ്ടാകും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയും സർക്കാരിനെയും ഇത്തരത്തിൽ ഒരുക്കാനാണ് നടപടികൾ തുടങ്ങുന്നത്. അതിനാൽ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ മന്ത്രിസഭയിലും അഴിച്ചുപണി ഉണ്ടായേക്കാം. എന്നാൽ മന്ത്രിസഭയിൽ വ്യാപകമായ അഴിച്ചുപണി സി.പി.എം രീതിയല്ല. അതിനാൽ കുറവുകൾ പരിഹരിച്ച് മുന്നോട്ടു പോകുമെന്നും അഴിച്ചുപണി ഉടൻ ഉണ്ടാകില്ലെന്നുമാണ് നേതൃത്വത്വത്തിന്‍റെ പരസ്യ നിലപാട്.