സമരത്തിലുള്ള കായിക താരങ്ങളുമായി സർക്കാർ ചർച്ച നടത്തുമെന്ന് കായിക മന്ത്രി
ജോലിവാഗ്ദാനം നൽകി സർക്കാർ വഞ്ചിച്ചെന്ന് ആരോപിച്ചുള്ള കായികതാരങ്ങളുടെ സമരം പതിമൂന്നാം ദിവസത്തിലേക്ക് കടന്നു
സമരത്തിലുള്ള കായിക താരങ്ങളുമായി സർക്കാർ ചർച്ച നടത്തുമെന്ന് കായിക മന്ത്രി.ജോലിവാഗ്ദാനം നൽകി സർക്കാർ വഞ്ചിച്ചെന്ന് ആരോപിച്ചുള്ള കായികതാരങ്ങളുടെ സമരം ശക്തമായതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായത്. വ്യാഴാഴ്ചയാണ് ചര്‍ച്ച. വ്യാഴാഴ്ചത്തെ ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് കായിക താരങ്ങള്‍ പറഞ്ഞു. വാക്കാലുള്ള ഉറപ്പിൽ വിശ്വാസമില്ലെന്നും മുഴുവൻ പേർക്കും ജോലിയാണ് ആവശ്യമെന്നും സമരക്കാര്‍ കൂട്ടിച്ചേര്‍ത്തു. ചർച്ചക്ക് ശേഷം മറ്റ് കാര്യങ്ങൾ തീരുമാനിക്കും.
കായിക താരങ്ങളുടെ സമരം പതിമൂന്നാം ദിവസത്തിലേക്ക് കടന്നു. സർക്കാർ ചർച്ചക്ക് തയ്യാറായില്ലെങ്കിൽ സമരം കടുപ്പിക്കാനായിരുന്നു കായിക താരങ്ങളുടെ തീരുമാനം.
നിയമന ശിപാർശകൾ ലഭിക്കാത്ത 84 കായിക താരങ്ങളാണ് സെക്രട്ടേറിയറ്റിൽ സമരം തുടരുന്നത്. നേരത്തെ തല മുണ്ഡനം ചെയ്തും കായിക താരങ്ങൾ പ്രതിഷേധിച്ചിരുന്നു. ജോലി നൽകിയെന്ന് കാണിച്ച് സർക്കാർ വ്യാജപ്രചാരണം നടത്തിയെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. നിയമന കാര്യത്തിൽ സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സമരക്കാർ പറഞ്ഞു.
2010 മുതൽ 2014 വരെയുള്ള കാലയളവിലെ 250 പേർക്ക് നിയമനം നൽകിയെങ്കിലും 84 പേർക്ക് ഇപ്പോഴും ജോലി ലഭിച്ചിട്ടില്ല. ഉത്തരവ് ലഭിക്കുന്നത് വരെ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരും.