മോഷണം പോയ സ്വർണം അതേ വീട്ടിലെ ശുചിമുറിയിൽ നിന്ന് കണ്ടെത്തി
ശനിയാഴ്ച നടക്കാനിരുന്ന മകളുടെ കല്യാണത്തിന് വേണ്ടി വാങ്ങിയതായിരുന്നു ഇത്.
നാദാപുരം: കല്യാണവീട്ടിൽ നിന്ന് മോഷണം പോയ സ്വർണാഭരണങ്ങൾ അതേ വീട്ടിൽ നിന്ന് കണ്ടെത്തി. ശുചിമുറിയിലെ ഫ്ലഷ് ടാങ്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാദാപുരം വാണിമേൽ വെള്ളിയോട് നടുവിലക്കണ്ടി ഹാഷിം തങ്ങളുടെ വീട്ടിലെ 30 പവനോളം സ്വർണാഭരണങ്ങൾ കാണാതായത്.
ശനിയാഴ്ച നടക്കാനിരുന്ന മകളുടെ കല്യാണത്തിന് വേണ്ടി വാങ്ങിയതായിരുന്നു ഇത്. വെള്ളിയാഴ്ച രാത്രിയോടെയാണ് സ്വർണം മോഷ്ടിക്കപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്. വിവരം പൊലീസിനെ അറിയിക്കുകയും അവരെത്തി പരിശോധന നടത്തുകയും ചെയ്തങ്കിലും കണ്ടെത്താനായിരുന്നില്ല.
ഇന്ന് ശുചിമുറിയിലെ ഫ്ലഷ് ടാങ്ക് തകരാറിലായതിനെ തുടർന്ന് തുറന്നുനോക്കിയപ്പോഴാണ് നഷ്ടപ്പെട്ട സ്വർണം ഒരു കവറിനുള്ളിലാക്കി അതിനുള്ളിൽ ഇട്ടിരിക്കുന്നതായി കണ്ടത്.
ഉടൻ തന്നെ പൊലീസിനെ അറിയിക്കുകയും അവരെത്തി പരിശോധിക്കുകയും ചെയ്തു. മോഷ്ടിച്ച സ്വർണം പിന്നീട് എടുക്കാമെന്ന് കരുതി മോഷ്ടാവ് സൂക്ഷിച്ചിട്ടു പോയതാവാം എന്നാണ് പൊലീസിന്റേയും വീട്ടുകാരുടേയും നിഗമനം.
കല്യാണവീട്ടിലെത്തിയ ബന്ധുക്കളിലോ അയൽക്കാരിലോ മറ്റുള്ളവരിലോപെട്ട ആരെങ്കിലുമാകാം മോഷണത്തിന് പിന്നിലെന്നാണ് കരുതുന്നത്. സംഭവത്തിൽ പൊലീസ് വീട്ടുകാരുടെ മൊഴിയെടുത്തു. ഒരാഴ്ച പ്രയാസത്തിലായിരുന്നെങ്കിലും കാണാതായ സ്വർണം മുഴുവൻ ഇപ്പോൾ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് വീട്ടുകാർ.