'ഒരു മിന്നായം പോലെയേ കണ്ടുള്ളൂ, ലോറി വന്നപ്പോൾ ഞാനാ കുഴിയിലേക്ക് വീണു'; അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വിദ്യാർഥി
അപകടത്തിൽ മരിച്ച നാല് വിദ്യാർഥികളുടെയും സംസ്കാരം ഇന്ന് നടക്കും


പാലക്കാട്: മണ്ണാർക്കാട് ഭാഗത്ത് നിന്ന് വന്ന ലോറി അമിത വേഗതയിലായിരുന്നെന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വിദ്യാർഥി അജിന ഷെറിൻ. കുഴിയിലേക്ക് വീണതുകൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്നും അജിന ഷെറിൻ പറഞ്ഞു. ഇന്നലെ വൈകിട്ടോടെയായിരുന്നു പാലക്കാട് പനയംപാടത്ത് നാടിനെ നടുക്കിയ അപകടമുണ്ടായത്. കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ ആയിഷ, ഇർഫാന, റിദ, നിദ എന്നിവരാണ് മരിച്ചത്.
കുട്ടികൾ സ്‌കൂളിൽ പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോഴാണ് ലോറി ഇടിച്ചുകയറിയത്. രണ്ട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു ലോറി കുട്ടികളുടെ മുകളിലേക്ക് മറിയുകയായിരുന്നു. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നും പനയംപാടം സ്ഥിരം അപകട മേഖലയാണെന്നും നാട്ടുകാർ ആരോപിച്ചിരുന്നു.
അഞ്ച് വിദ്യാർഥികളായിരുന്നു പരീക്ഷ കഴിഞ്ഞ് റോഡിലൂടെ ഒരുമിച്ച് നടന്നു പോയത്. അപകടം നടന്ന സമയത്ത് അജിന ഷെറിൻ എന്ന വിദ്യാർഥി കുഴിയിലേക്ക് വീഴുകയും അത്ഭുതകരമായി രക്ഷപ്പെടുകയുമായിരുന്നു.
'മണ്ണാര്‍ക്കാട് ഭാഗത്ത് നിന്ന് ലോറി നല്ല വേഗതയിലായിരുന്നു വന്നത്. ലോറി ഞങ്ങലുടെ മുന്നിലെത്തിയപ്പോള്‍ ബ്രേക്ക് പിടിക്കുകയും ചരിയുകയും ചെയ്തു. പാലക്കാട് ഭാഗത്ത് നിന്ന് വന്ന ലോറിക്ക് വേഗത കുറായിരുന്നു. തുടര്‍ന്ന് ലോറികള്‍ തമ്മില്‍ കൂട്ടിയിച്ച് ലോറി മറിയുകയായിരുന്നു. ഒരു മിന്നായം പോലെയേ കണ്ടിട്ടുള്ളൂ. ലോറി പാഞ്ഞ് വന്നപ്പോള്‍ ഞാനാ കുഴിയിലേക്ക് വീഴുകയായിരുന്നു' എന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വിദ്യാര്‍ഥി പറഞ്ഞു.
അപകടം നടന്നയുടനെ നാട്ടുകാർ കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലോറി ഡ്രൈവർ മലപ്പുറം സ്വദേശിയായ പ്രജീഷ് ജോണിനെ കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടത്തിൽ മരിച്ച നാല് വിദ്യാർഥികളുടെയും സംസ്കാരം ഇന്ന് നടക്കും.