സിദ്ധാർഥിനെ ആക്രമിച്ച വിദ്യാർഥികൾക്ക് മൂന്നുവർഷം പഠനവിലക്ക്

കോളജിൽ ഇന്ന് ചേർന്ന ആന്റി റാഗിങ് കമ്മിറ്റിയുടേതാണ് തീരുമാനം.

Update: 2024-03-01 16:42 GMT
Advertising

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർഥിയുടെ ദുരൂഹമരണത്തിൽ പ്രതികൾക്കെതിരെ നടപടി. സിദ്ധാർഥിനെ ആക്രമിച്ച വിദ്യാർഥികൾക്ക് മൂന്ന് വർഷത്തെ പഠനവിലക്ക് ഏർപ്പെടുത്താൻ കോളജിൽ ഇന്ന് ചേർന്ന ആൻ്റി റാഗിങ് കമ്മിറ്റി തീരുമാനമെടുത്തു. കുറ്റക്കാർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് സിദ്ധാർഥിന്റെ വീട് സന്ദശിച്ച ശേഷം സർവകലാശാല വി.സിയും പറഞ്ഞു.

സിദ്ധാർഥിന്റെ മരണത്തിൽ പതിനൊന്ന് പേർ പിടിയിലായതോടെ ഒളിവിൽ കഴിയുന്നവരുടെ എണ്ണം ഏഴായി. ഇവർ ഉടൻ പിടിയിലാകുമെന്നും കേസിൽ ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രത്യേക അന്വേഷണസംഘം പറയുന്നു. മർദനവിവരം അറിയാൻ വൈകിയെന്നും അറിഞ്ഞയുടൻ നടപടിയെടുത്തെന്നുമാണ് വിശദീകരണം തേടിയ സർവകലാശാല രജിസ്ട്രാർക്ക് ഡീൻ ഡോ.എം.കെ.നാരായണൻ നൽകിയ മറുപടി. 

കോളജിന്റേത് ക്രിമിനലുകളെ സംരക്ഷിക്കുന്ന നടപടിയാണെന്നും കോളജ് ഡീനിനെ പുറത്താക്കണമെന്നും വിവിധ വിദ്യാർഥി സംഘടനകൾ ആവശ്യപ്പെട്ടു. എസ്.എഫ്.ഐ കില്ലർ സ്വാക്ഡ് ആയി മാറിയെന്നും മരണത്തില്‍ ജുഡീഷ്യൽ അന്വേഷണം വേണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോളജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. സെക്രട്ടറിയേറ്റിലേക്ക് കെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. 

കെ.എസ്.യു വയനാട് ജില്ലാകമ്മിറ്റി ആരംഭിച്ച അനിശ്ചിതകാല റിലേ നിരാഹാര സമരവും തുടരുകയാണ്. നാളെ കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച മാർച്ച് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എ.ബി.വി.പിയുടെ ഉപവാസസമരത്തിലും പ്രതിഷേധമിരമ്പി. നാളെ യൂത്ത് ലീഗും സർവകലാശാലയിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News