പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്താനുപയോഗിച്ച വാളുകൾ കണ്ടെത്തി
ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയതിലെ പ്രതികാരമായാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. കൊലപാതകം ആസൂത്രണം ചെയ്തത് സഞ്ജിത്തിന്റെ അടുത്ത സുഹൃത്തായ രമേശാണ്.
പാലക്കാട്: എലപ്പുള്ളിയിലെ പോപ്പുലർ ഫ്രണ്ട് നേതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ച വാളുകൾ കണ്ടെത്തി. മണ്ണുക്കാട് കോരയാറിൽനിന്നാണ് നാല് വാളുകൾ കണ്ടെത്തിയത്.
ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയതിലെ പ്രതികാരമായാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. കൊലപാതകം ആസൂത്രണം ചെയ്തത് സഞ്ജിത്തിന്റെ അടുത്ത സുഹൃത്തായ രമേശാണ്. അറസ്റ്റിലായ രമേശ്, അറുമുഖൻ, ശരവണൻ എന്നിവർ ആർഎസ്എസ് പ്രവർത്തകരാണെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ കാരണം സുബൈർ ആണെന്ന് സഞ്ജിത്ത് രമേശിനോട് പറഞ്ഞിരുന്നു. നേരത്തെയും പ്രതികൾ കൊലനടത്താനുള്ള ശ്രമം നടത്തിയിട്ടുണ്ട്. സംഭവത്തിൽ ഗൂഢാലോചനയും അന്വേഷിക്കുന്നുണ്ടെന്നും പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും വിജയ് സാഖറെ പറഞ്ഞു.
വിഷുദിനത്തിൽ ഉച്ചയ്ക്ക് ഒന്നരക്കാണ് പാലക്കാട് എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് എലപ്പുള്ളി പാറ ഏരിയാ പ്രസിഡന്റ് കുത്തിയതോട് സ്വദേശി സുബൈറിനെ അക്രമിസംഘം നടുറോഡിൽ കാറിടിച്ചുവീഴ്ത്തി വെട്ടിക്കൊന്നത്.