സിനഡ് ഇന്ന് സമാപിക്കും; ജനാഭിമുഖ കുര്‍ബാന തുടരണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള വൈദികരുടെ സമരം തുടരുന്നു

ഏകീകരിച്ച കുര്‍ബാന നടപ്പാക്കാതിരുന്ന എറണാകുളം അങ്കമാലി അതിരൂപത ആർച്ച് ബിഷപ്പ് ആൻറണി കരിയലിനെതിരെ നടപടിയെടുക്കാൻ സാധ്യതയുണ്ട്

Update: 2022-01-15 01:18 GMT
Advertising

കുർബാന ഏകീകരണത്തില്‍ പ്രതിഷേധം ശക്തമായിരിക്കെ സിറോ മലബാര്‍ സഭ സിനഡ് ഇന്ന് സമാപിക്കും. ഏകീകരിച്ച കുര്‍ബാന നടപ്പാക്കാതിരുന്ന എറണാകുളം അങ്കമാലി അതിരൂപത ആർച്ച് ബിഷപ്പ് ആൻറണി കരിയലിനെതിരെ നടപടിയെടുക്കാൻ സാധ്യതയുണ്ട്.

അതേസമയം ജനാഭിമുഖ കുര്‍ബാന തുടരണമെന്ന് ആവശ്യപ്പെട്ട്  എറണാകുളം - അങ്കമാലി അതിരൂപത ആർച്ച് ബിഷപ്പ് ഹൗസിൽ വൈദികർ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു. നിരാഹാരമിരുന്ന ഫാദര്‍ ബാബു കളത്തിലിനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും പകരം മറ്റൊരു വൈദികന്‍ നിരാഹാര സമരം ആരംഭിച്ചു. ആശുപത്രിയിലും നിരാഹാരം തുടരുമെന്ന നിലപാടിലാണ് ഫാദര്‍ ബാബു കളത്തില്‍. ജനാഭിമുഖ കുർബാന നിലനിർത്താനുള്ള തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം കൂടുതൽ കടുപ്പിക്കാനാണ് അതിരൂപത സംരക്ഷണ സമിതിയുടെയും തീരുമാനം.

കുര്‍ബാന ഏകീകരണത്തില്‍ വിവാദം മൂര്‍ധന്യത്തില്‍ നില്‍ക്കവെ കഴിഞ്ഞ ഏഴാം തിയ്യതിയാണ് സഭാ ആസ്ഥാനത്ത് സമ്പൂര്‍ണ സിനഡ് ആരംഭിച്ചത്. സിനഡില്‍ പ്രധാന ചര്‍ച്ചാ വിഷയമായതും കുര്‍ബാന ഏകീകരണം തന്നെ.

 ഏകീകൃത കുർബാനയ്ക്ക് സമയപരിധിയില്ലാതെ ഇളവ് നൽകിയത് ചട്ടവിരുദ്ധമെന്ന് വ്യക്തമാക്കി വത്തിക്കാനില്‍ നിന്ന് അതിരൂപത മെത്രാന്‍ ബിഷപ്പ് ആന്റണി കരിയിലിന് കത്ത് അയച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇന്ന് സിനഡിലെടുക്കുന്ന തീരുമാനം നിര്‍ണായകമാകും. എന്നാൽ സിനഡ് നിർദ്ദേശങ്ങളെ ഏതു വിധേനയും പ്രതിരോധിക്കാനാണ് അതിരൂപതയിലെ ഒരു വിഭാഗം വൈദികരുടെയും വിശ്വാസികളുടെയും തീരുമാനം.



Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News