ജലനിരപ്പ് ക്രമാതീതമായി ഉയർന്നില്ല; കുട്ടനാട്ടിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിവായി
വെള്ളം കയറിയ നദീതീരത്തെ വീടുകളിൽ നിന്ന് ജലമിറങ്ങി തുടങ്ങിയതും ആശ്വാസമായി
മഴ മാറിനിന്നതും, തോട്ടപ്പള്ളി സ്പിൽവേ വഴി ജലം കടലിലേക്ക് ഒഴുകിയതുമാണ് കുട്ടനാട്ടിൽ വെള്ളപ്പൊക്കം ഒഴിവാക്കിയത്. എന്നാൽ മഴ മുന്നറിയിപ്പ് ഉള്ളതിനാൽ ആലപ്പുഴയിൽ ജാഗ്രത തുടരുകയാണ്. മുന്നൊരുക്കങ്ങളുടെ ഭാഗമായി താഴ്ന്ന പ്രദേശത്തുള്ളവരെ മുഴുവൻ മാറ്റി പാർപ്പിച്ചു. കക്കി, പമ്പ അണക്കെട്ടുകൾ തുറന്നെങ്കിലും, അപ്പർ കുട്ടനാട്ടിലും ലോവർ കുട്ടനാട്ടിലും പ്രതീക്ഷിച്ചത്ര വെള്ളപ്പൊക്കം ഉണ്ടായില്ല.
വെള്ളം കയറിയ നദീതീരത്തെ വീടുകളിൽ നിന്ന് ജലമിറങ്ങി തുടങ്ങിയതും ആശ്വാസമായി. ആശങ്ക വേണ്ടെങ്കിലും ജാഗ്രത കൈവിടുന്നില്ല. വെള്ളം കയറാൻ സാധ്യതയുള്ള മുഴുവൻ പ്രദേശങ്ങളിലെയും ആളുകളെ മാറ്റി. ജില്ലയിൽ ആകെ നൂറിൽ അധികം കാമ്പുകൾ ഉണ്ട്. അടിയന്തര സാഹചര്യം നേരിടാൻ എൻഡിആർഎഫിനൊപ്പം, മത്സ്യ തൊഴിലാളികളും സജ്ജരാണ്.
53 ബോട്ടുകളും 2 ആംബുലൻസ് ബോട്ടുകളും, ജലഗതാഗത വകുപ്പിന്റെ ബോട്ടുകളും രക്ഷാപ്രവർത്തനത്തിന് ക്രമീകരിച്ചു. കടലിലേക്കുള്ള നീരൊഴുക്ക് സുഗമമാക്കാൻ തോട്ടപ്പള്ളി സ്പിൽവേയിലെ മാലിന്യങ്ങൾ നീക്കി. ഇന്നലെ രാത്രി ദേശീയപാതയിൽ ഒന്നര മണിക്കൂർ നിയന്ത്രണം ഏർപ്പെടുത്തിയാണ് മാലിന്യം നീക്കം ചെയ്തത്. അതേസമയം അപ്പർ കുട്ടനാട്ടിലെ തലവടി, വീയപുരം, ചെറുതന തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നുണ്ട്. മഴ മാറി നിൽക്കുന്നതിനാൽ ഇവിടെനിന്നും വേഗത്തിൽ വെള്ളം ഇറങ്ങും എന്നാണ് കണക്കുകൂട്ടൽ.