താനൂർ ബോട്ട് മത്സ്യ ബന്ധന വഞ്ചി രൂപം മാറ്റിയതെന്ന് യാഡ് നടത്തിപ്പുകാരൻ
കാലപഴക്കം സംഭവച്ചതിനാൽ പൊളിക്കാൻ കൊണ്ടുവന്ന വഞ്ചി നാസർ വാങ്ങുകയായിരുന്നെന്നും പിന്നീട് രൂപമാറ്റം വരുത്തുകയായിരുന്നെന്നും ബഷീർ പറഞ്ഞു
മലപ്പുറം: താനൂർ അപകടത്തിലെ ബോട്ട് മത്സ്യബന്ധന വഞ്ചി രൂപമാറ്റം വരുത്തിയതാണെന്ന് പൊന്നാനിയിലെ യാഡ് നടത്തിപ്പുകാരൻ മുഹമ്മദ് ബഷീർ. പൊന്നാനി യാഡിലാണ് ബോട്ട് പണിതത്. കാലപഴക്കം സംഭവച്ചതിനാൽ പൊളിക്കാൻ കൊണ്ടുവന്ന വഞ്ചി നാസർ വാങ്ങുകയായിരുന്നെന്നും പിന്നീട് രൂപമാറ്റം വരുത്തുകയായിരുന്നെന്നും ബഷീർ പറഞ്ഞു. ഷഹീദ് കുഞ്ഞാലി മരക്കാർ എന്നായിരുന്നു വഞ്ചിയുടെ പേര്. തന്റെ കുടുംബത്തിന് സഞ്ചരിക്കാനാണ് ബോട്ട് നിർമ്മിക്കുന്നതെന്നാണ് നാസർ പറഞ്ഞതെന്നും ഡിസംബറിൽ ബോട്ട് പണി തീർത്ത് കൊണ്ടു പോയെന്നും ബഷീർ വ്യക്തമാക്കി.
താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ട് അനധികൃത സർവീസ് നടത്തിയതായി റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. 20 ദിവസം ബോട്ട് അനധികൃത സർവീസ് നടത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 100 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കിയിരുന്നത്.
താനൂർ ബോട്ട് അപകടത്തിൽ ഇന്ന് രാവിലെയോടെ സ്രാങ്ക് അറസ്റ്റിലായിരുന്നു. ബോട്ട് ഓടിച്ച ദിനേശനാണ് താനൂരിൽ നിന്ന് അറസ്റ്റിലായത്. ഇതോടെ ബോട്ട് ഉടമ നാസറുൾപ്പെടെ കേസിൽ അറസ്റ്റ് ചെയ്തവരുടെ എണ്ണം അഞ്ചായി. കോടതി റിമാൻഡ് ചെയ്ത ബോട്ടുടമ നാസറിനായി അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ നൽകും . വിശദമായ ചോദ്യം ചെയ്യലിനൊപ്പം തെളിവെടുപ്പും പൂർത്തിയാക്കാനാണ് പൊലീസ് ആലോചിക്കുന്നത് . അതിനിടെ നാസറിനെ ഒളിവിൽ പോവാൻ സഹായിച്ച മൂന്ന് പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
താനൂർ സ്വദേശികളായ മുഹമ്മദ് ഷാഫി ,വാഹിദ് ,സലാം എന്നിവരെ ഇന്നലെ പൊന്നാനിയിൽ വെച്ചാണ് പിടികൂടിയത്.ആദ്യം പിടിയിലായ നാസറിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ ആണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.