നടി അനുശ്രീയുടെ പിതാവിൻ്റെ കാർ മോഷ്‌ടിച്ച യുവാവ് നിരവധി കേസുകളിൽ പ്രതി; കസ്റ്റഡിയിൽ വാങ്ങി പൊലീസ്

പ്രബിനെ തേടി പത്തിൽ അധികം സ്റ്റേഷനുകളിൽ നിന്നാണ് കൊട്ടാരക്കര പോലീസിന് വിളി എത്തിയത്

Update: 2024-12-14 01:50 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊല്ലം: സിനിമാതാരം അനുശ്രീയുടെ പിതാവിൻ്റെ കാർ മോഷ്‌ടിച്ചതിന് പിടിയിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി പൊലീസ്. കൊല്ലം കൊട്ടാരക്കരയിൽ നിന്ന് കഴിഞ്ഞ ദിവസം പിടിയിലായ പ്രബിൻ നിരവധി വാഹന മോഷണ കേസുകളിൽ പ്രതിയെന്ന് പൊലീസ് പറഞ്ഞു. പ്രബിനെ തേടി പത്തിൽ അധികം സ്റ്റേഷനുകളിൽ നിന്നാണ് കൊട്ടാരക്കര പോലീസിന് വിളി എത്തിയത്.

തിരുവനന്തപുരം നെടുമങ്ങാട് തെന്നൂർ സ്വദേശി പ്രബിൻ ആണ് അനുശ്രീയുടെ പിതാവിന്‍റെ കാർ മോഷ്ടിച്ചത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യവേ ലഭിച്ചത് നിരവധി മോഷണക്കേസുകളുടെ വിവരങ്ങൾ. പത്താം ക്ലാസ് വരെ മാത്രം പഠിച്ച പ്രബിൻ സംസ്‌ഥാനത്തുടനീളം വാഹനങ്ങൾ മോഷ്‌ടിച്ചും സ്‌ഥാപനങ്ങൾ കൊളളയടിച്ചും വിലസുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഡിസംബർ 7ന് ഇഞ്ചക്കാട്ടെ സെക്കൻഡ് ഹാൻഡ് കാർ ഷോറൂമിൽ കാർ മോഷ്‌ടിച്ച പ്രബിൻ കടയ്ക്കലിൽ വച്ച് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൻ്റെ നമ്പർ പ്ലേറ്റ് ഇളക്കിയെടുത്തു. തുടർന്ന് മോഷ്ടിച്ച കാറിൽ നമ്പർ പ്ലേറ്റ് മാറ്റിയ ശേഷം വെള്ളറടയിലെ റബർ കട കുത്തിത്തുറന്ന് 500 കിലോ റബർ ഷീറ്റും ഏഴായിരം രൂപയും മോഷ്ടിച്ചു.

അവിടെ നിന്നും യാത്ര തുടർന്ന് പെരിനാട് ഭാഗത്തുള്ള റബർ കട കുത്തിത്തുറന്ന് 400 കിലോ റബർ ഷീറ്റ് മോഷ്‌ടിച്ചു. റബർഷീറ്റ് പൊൻകുന്നത്ത് വിറ്റ ശേഷം പെൺസുഹൃത്തിനെ കാണാൻ കോഴിക്കോട്ടേക്ക് ഉള്ള യാത്രയ്ക്കിടെ കാർ അപകടത്തിൽ പെട്ടു. വാഹനം ഉപേക്ഷിച്ച ശേഷം ബൈക്കിൽ കോഴിക്കോട്ടേക്ക് പോകും വഴിയാണ് പൊലീസ് കൊട്ടാരക്കര വച്ച് പ്രബിനെ പിടികൂടിയത്. കാർ മോഷണത്തിന് പിടിയിലായ പ്രബിൻ ജൂലൈയിലാണ് ജയിൽ മോചിതനായത്. അതിനു ശേഷം അഞ്ചിൽ അധികം മോഷണങ്ങൾ പ്രതി നടത്തിയതായാണ് പ്രാഥമിക വിവരം.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News