ഡി അഡിക്ഷൻ സെന്ററിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയി; പിന്നിൽ ലഹരി മാഫിയ സംഘമെന്ന് ബന്ധുക്കൾ
നഗരസഭ ജനപ്രതിനിധിയുടെ മകനെയാണ് ഡി അഡിക്ഷൻ സെന്ററിലെത്തിയവർ തട്ടിക്കൊണ്ടു പോയത്
കൊച്ചി:എറണാകുളം കളമശ്ശേരിയിൽ ഡി അഡിക്ഷൻ സെന്ററിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ലഹരി മാഫിയ ബന്ധം അന്വേഷിക്കണമെന്ന് ബന്ധുക്കൾ.
മൂവാറ്റുപുഴ സ്വദേശിയായ യുവാവിനെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. എക്സൈസ് മന്ത്രിക്ക് കുടുംബം പരാതി നൽകി. ലഹരി ചികിത്സയ്ക്കായി സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ച നഗരസഭ ജനപ്രതിനിധിയുടെ മകനെയാണ് അനുവാദമില്ലാതെ കളമശ്ശേരിയിലെ അഡിക്ഷൻ സെന്ററിൽ കടന്നു കയറിയവർ തട്ടിക്കൊണ്ടു പോയത്.
ക്ലിനിക്കും യുവാവിന്റെ രക്ഷിതാക്കളും കളമശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു എന്നാൽ പൊലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നില്ല എന്നാണ് പിതാവിന്റെ പരാതി.
മകനെ ലഹരി സംഘങ്ങളിൽ നിന്നും രക്ഷിക്കണമെന്ന് നഗരസഭ കൗൺസിലർ നേരിട്ട് എക്സൈസ് ഓഫീസിലെത്തി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന് നേരെ ലഹരി സംഘത്തിൽ നിന്ന് വധഭീഷണിയുണ്ടായി ഇതോടെ അന്വേഷണം നിലച്ചു. എന്നാൽ യുവാവിനെ കടത്തിക്കൊണ്ടു പോയതല്ലെന്നും സുഹൃത്തുക്കൾക്കൊപ്പം യുവാവ് ഇറങ്ങിപ്പോയതാണെന്നും പൊലീസ് പറയുന്നത്