ഗുരുവായൂരിൽ സ്വർണ വ്യാപാരിയുടെ വീട്ടിൽ വന്‍ കവര്‍ച്ച
മൂന്ന് കിലോ സ്വർണവും 2 ലക്ഷം രൂപയും മോഷണം പോയി
തൃശൂര്‍: ഗുരുവായൂരിൽ സ്വർണ വ്യാപാരിയുടെ വീട്ടിൽ നിന്ന് ഒന്നര കോടി രൂപയുടെ സ്വർണം കവർന്നു. തമ്പുരാൻ പടിയിൽ താമസിക്കുന്ന കുരഞ്ഞിയൂർ ബാലന്‍റെ വീട്ടിൽ നിന്നാണ് 3 കിലോ സ്വർണവും 2 ലക്ഷം രൂപയും മോഷണം പോയത്. മോഷണം നടത്തിയ ആളുടെ സിസി ടിവി ദൃശ്യം കേന്ദ്രികരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഗുരുവായൂരിൽ സ്വർണം മൊത്ത വ്യാപാരം നടത്തുന്ന കുരഞ്ഞിയൂർ ബാലനും കുടുംബവും താമസിക്കുന്ന അശ്വതി എന്ന വീട്ടിലാണ് മോഷണം നടന്നത്. രാത്രി ഏഴരക്കും എട്ടിനും ഇടയിലുള്ള സമയത്താണ് കള്ളൻ അകത്ത് കടന്ന് സ്വർണവും പണവും കവർന്നത്. ബാഗിൽ സ്വർണവുമായി പോകുന്ന കള്ളന്‍റെ സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചു.
ബാലനും ഭാര്യയും സിനിമ കാണാൻ പുറത്ത് പോയ സമയത്തായിരുന്നു മോഷണം. ബാലൻ, ഭാര്യ, ഡ്രൈവർ, സഹായി എന്നിവരുടെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ പെയിന്‍റിംഗ് ഉൾപ്പെടെയുള്ള ജോലികൾക്ക് എത്തിയവരുടെയും മൊഴി എടുക്കും. ഒന്നിൽ കൂടുതൽ ആളുകൾ ചേർന്നാണ് മോഷണം നടത്തിയിട്ടുണ്ടാകുക എന്ന നിഗമനത്തിലാണ് പൊലീസ്.