ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ നിയമനപ്രക്രിയയിൽ തിരിമറി നടന്നിട്ടില്ലെന്ന് ഡയറക്ടർ കെ.ജെ. ജോസഫ്
ആദ്യ റാങ്ക്പട്ടികയിൽ ഇല്ലാത്ത ആൾക്ക് നിയമനം നൽകാൻ പുതിയ ലിസ്റ്റ് തയ്യാറാക്കിയെന്നാണ് പരാതി
തിരുവനന്തപുരം: ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിലേ നിയമനപ്രക്രിയയിൽ തിരിമറി നടന്നിട്ടില്ലെന്ന് ഡയറക്ടർ കെ.ജെ. ജോസഫ്. യോഗ്യത ഉള്ള ആളെ തന്നെ ആണ് പരിഗണിച്ചത്. റിയാസിനെക്കാൾ യോഗ്യത ഉള്ള ആളാണ് നിയമനം ലഭിച്ച ഷംന. റിസർവേഷൻ ലിസ്റ്റിൽ ഷംന ഒന്നാമതായതിനാലാണ് വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെടുത്തതിരുന്നതെന്നും ഡയറക്ടർ മീഡിയവണിനോട് പറഞ്ഞു.
ആദ്യ റാങ്ക്പട്ടികയിൽ ഇല്ലാത്ത ആൾക്ക് നിയമനം നൽകാൻ പുതിയ ലിസ്റ്റ് തയ്യാറാക്കിയെന്നാണ് ഉദ്യോഗാർത്ഥികളുടെ ആരോപണം. അസിസ്റ്റന്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ള പട്ടികയിലാണ് ക്രമക്കേട്. ഈ വർഷം മാർച്ചിലാണ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് വിവിധ അധ്യാപക തസ്തികളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചത്. ഓഗസ്റ്റ് 7 മുതൽ 11 വരെയുള്ള തീയതികളിൽ അഭിമുഖം നടന്നു. ഇതിൽ പബ്ലിക് ഫിനാൻസ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് രണ്ടു ജനറലും ഒരു ഒബിസി മുസ്ലിമും അടക്കം മൂന്നു ഒഴിവുകൾ ആണ് ഉണ്ടായിരുന്നത്.
സെപ്റ്റംബർ 18ന് ഇറങ്ങിയ ആദ്യ പട്ടികയിൽ ജനറൽ വിഭാഗത്തിലെ ലിസ്റ്റിൽ അശ്വതി റേച്ചൽ വർഗീസ്, സുമലത ബി എസ് എന്നിവരാണ് ഇടം നേടിയത്. വെയ്റ്റിംഗ് ലിസ്റ്റിൽ ഒന്നാമത് ഉണ്ടായിരുന്നത് മുഹമ്മദ് റിയാസ് എം പി എന്ന ഉദ്യോഗാർത്ഥി. സ്വാഭാവികമായും ബാക്കിയുള്ള ഒരു ഒബിസി ഒഴിവിലേക്ക് പരിഗണിക്കേണ്ടത് റിയാസിനെ ആണ്. എന്നാൽ ഒബിസി മെറിറ്റ് പട്ടികയിൽ ഇടം നേടിയത് വെയ്റ്റിംഗ് ലിസ്റ്റിൽ ആദ്യ അഞ്ചിൽ പോലും ഇല്ലാത്ത ഷംന തച്ചപറമ്പൻ എന്ന ഉദ്യോഗാർത്ഥി.