നടപ്പാലമില്ല; ഗായത്രി പുഴയിൽ യാത്ര ജീവൻ പണയംവെച്ച്
2018ലെ പ്രളയത്തിൽ ഈ ഭാഗത്തുള്ള നടപ്പാലം തകർന്നിരുന്നു
പാലക്കാട്: നടപ്പാലമില്ലാത്തതിനാൽ ഗായത്രി പുഴയിൽ യാത്ര ജീവൻ പണയം വെച്ചാണ്. ചുള്ളിയാർമേട് ജി.എച്ച്.എസ് സ്കൂളിലെ കുട്ടികളാണ് ഒഴുക്കുളള പുഴ മുറിച്ച് കടക്കുന്നത്. 2018ലെ പ്രളയത്തിൽ ഈ ഭാഗത്തുള്ള നടപ്പാലം തകർന്നിരുന്നു. പിന്നീട് ഇത് പുനർനിർമിച്ചിട്ടില്ല. പട്ടർപള്ളം, തിമിരികുളമ്പ്, കിഴക്കേക്കാട്, നായ്ക്കചള്ള, പള്ളം എന്നി പ്രദേശങ്ങളിൽ നിന്നായി നൂറു കണക്കിന് കുട്ടികളാണ് യാത്ര പ്രശ്നം നേരിടുന്നത്. കുട്ടികൾ പരസ്പരം കൈകോർത്ത് പിടിച്ചാണ് കുത്തിയൊലിക്കുന്ന പുഴ മുറിച്ചുകടക്കുന്നത്.
റോഡ് ചുറ്റി പോകുന്നതിന് പകരമാണ് കുട്ടികൾ പുഴ മുറിച്ചുകടക്കുന്നത്. വേനൽക്കാലത്ത് പുഴ മുറിച്ചുകടക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല. എന്നാൽ മഴക്കാലമാകുന്നതോടെ പുഴയിലൂടെ വെള്ളം കുത്തിയൊലിക്കുകയാണ്. ഏത് സമയത്തും മൂലത്തറ റഗുലേറ്ററിൻ്റെ ഷട്ടറുകൾ തുറന്നേക്കാമെന്നതിനാൽ വലിയൊരപകടമാണിവിടെ കാത്തിരിക്കുന്നത്. തമിഴ്നാട്ടിൽ മഴ പെയ്താൽ പോലും ഗായത്രി പുഴയിൽ വെള്ളം നിറയും.