'മകനെതിരെ ഒരു പെറ്റി കേസു പോലുമില്ല. അവർ വെട്ടിക്കൊന്നില്ലേ..'; നെഞ്ചു പൊട്ടി ഷാനിന്റെ പിതാവ്
ഇന്നലെ രാത്രിയാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷാനെ ഇടിച്ചു വീഴ്ത്തിയ അക്രമികള്‍ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
ഒരു പ്രസ്ഥാനത്തിൽ വിശ്വസിച്ചതിന്റെ പേരിലാണ് എന്റെ മകനെ അവർ വെട്ടിക്കൊന്നതെന്ന് ആലപ്പുഴയിൽ കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിന്റെ പിതാവ് സലീം. ഇത്തരം കൊലപാതകങ്ങൾ ഇനിയും ആവർത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
''എന്റെ കുട്ടി ഒരാളെ പോലും ഇതുവരെ ഉപദ്രവിച്ചിട്ടില്ല. ഷാൻ ഒരു ക്രിമിനൽ പ്രവർത്തനത്തിലും ഏർപ്പെട്ട ആളല്ല. എന്നിട്ടും എന്റെ മകനെ അവർ ക്രൂരമായി വെട്ടിയും കുത്തിയും കൊലപ്പെടുത്തി. ഇവർ മനുഷ്യരല്ലേ.? ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും ഒരു പോലെ കാണുന്നവരാണ് ഞങ്ങൾ. ഇനി ആരും ഇങ്ങനെ കൊല്ലപ്പെടാൻ പാടില്ല.'' സലീം പറഞ്ഞു.
ഇന്നലെ രാത്രിയാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷാനെ ഇടിച്ചു വീഴ്ത്തിയ അക്രമികള്‍ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങൾപ്രകാരം അഞ്ചംഗ സംഘമാണ് കെ.എസ് ഷാനെ വെട്ടികൊലപ്പെടുത്തിയത്.
അതേസമയം, ഷാനിന്റെ കൊലപാതകത്തിൽ രണ്ട് പേർ കസ്റ്റഡിയിലായി. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കാളികളായ രണ്ട് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. മണ്ണഞ്ചേരി സ്വദേശി പ്രസാദ്,വെൺമണി സ്വദേശി കൊച്ചുകുട്ടൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.