'സമസ്ത - സിഐസി വിവാദത്തിന് പിന്നിൽ രാഷ്ട്രീയമുണ്ട്'; ഹകീം ഫൈസി ആദൃശ്ശേരി
സമസ്തയുടെ വഴിയിൽ നുഴഞ്ഞുകയറാൻ സി.പി.എം ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
മലപ്പുറം: സമസ്ത - സി.ഐ.സി വിവാദത്തിന് രാഷ്ട്രീയ ഇടപെടലുകളും കാരണമായിട്ടുണ്ടെന്ന് അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി. സമസ്തയിൽ നുഴഞ്ഞു കയറാൻ സി.പി.എം ശ്രമിക്കുന്നതായി മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഫൈസി പറഞ്ഞു.
'പ്രതിസന്ധികൾ മറികടക്കാൻ സാദിഖ് അലി തങ്ങൾക്ക് ശേഷിയുണ്ട്. സമസ്ത നേതൃത്വം നിർദ്ദേശിച്ചതെല്ലാം അനുസരിച്ചിട്ടും സി.ഐ.സിയെ പിന്തുടർന്ന് ദ്രോഹിക്കാൻ ചിലർ തുനിഞ്ഞിറങ്ങിയിട്ടുണ്ട്. അതിനു പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ട് എന്ന് കരുതുന്നു. സമസ്തയിൽ നുഴഞ്ഞു കയറാൻ സി.പി.എമ്മിനു വേണ്ടി ശ്രമുണ്ട്. മുൻകാലങ്ങളിലില്ലാത്ത വിധം ലീഗ് നേതാക്കളെ നിയന്ത്രിക്കാൻ സമസ്തയിലെ ചിലരും ശ്രമിക്കുന്നുണ്ട്'. അദ്ദേഹം പറഞ്ഞു.
'പാണക്കാട് തങ്ങന്മാരുടെ കാലത്ത് സമസ്തയിലോ സമുദായത്തിലോ വലിയൊരു കുഴപ്പമുണ്ടാകുമെന്ന് കരുതുന്നില്ല. പ്രതിസന്ധി മറികടക്കാൻ സാദിഖലി ശിഹാബ് തങ്ങൾക്ക് കഴിയും. സാദിഖലി തങ്ങൾ ക്ലവറായ സുന്നികളുടെ നേട്ടമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ. അവ നിലച്ചു പോകുമെന്ന് കരുതുന്നില്ല. ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു സംവിധാനം പൊടുന്നനെ നിർത്താനാകില്ല. വിദ്യഭ്യാസ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും'. അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി കൂട്ടിച്ചേര്‍ത്തു.