കുർബാന ഏകീകരണം; ബിഷപ്പ് ആൻഡ്രൂസ് താഴത്ത് പള്ളികൾക്ക് അയച്ച സർക്കുലറിനെതിരെ പ്രതിഷേധം ശക്തം
എല്ലാ പള്ളികളിലും സർക്കുലർ പരസ്യമായി കത്തിക്കുമെന്നാണ് അൽമായ മുന്നേറ്റത്തിന്‍റെ മുന്നറിയിപ്പ്
കൊച്ചി: കുർബാന ഏകീകരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികൾക്ക് അയച്ച സർക്കുലറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എല്ലാ പള്ളികളിലും സർക്കുലർ പരസ്യമായി കത്തിക്കുമെന്നാണ് അൽമായ മുന്നേറ്റത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന് പള്ളികളിൽ സർക്കുലർ വായിക്കണമെന്ന അഡ്മിനിസ്‌ട്രേറ്ററുടെ നിർദേശം നിലനിൽക്കെയാണ് വിമത വിഭാഗത്തിന്‍റെ പരസ്യ പ്രതിഷേധം.
എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പിലാക്കുന്നതിൽ കാലതാമസം വരുത്തരുതെന്നും നിലവിൽ സ്വീകരിച്ച നടപടികളെ കുറിച്ചു റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ടു ബിഷപ്പ് ആൻഡ്രൂസ് താഴത്തിന് സെപ്റ്റംബർ 20 ന് വത്തിക്കാൻ കത്ത് നൽകിയിരുന്നു. ഒക്ടോബർ 2ന് വത്തിക്കാനിൽ പോയി റിപ്പോർട്ട് നൽകുന്നതിന് മുൻപാണ് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് സർക്കുലർ ഇറക്കിയത്. പള്ളികളിൽ സിനഡ് കുർബാന അർപ്പിക്കണമെന്നും നടപ്പിലാക്കാൻ ബുദ്ധിമുട്ടുള്ള പള്ളികളിലെ വികാരിമാർ അപേക്ഷ സമർപ്പിക്കണമെന്നുമാണ് സർക്കുലർ. ഇതോടെ വൈദിക സമിതിയും അതിരൂപതയിലെ വിമത വിഭാഗവും ബിഷപ്പിനെ പ്രതിഷേധം അറിയിച്ചു. ഇന്ന് കുർബാനമധ്യേ സർക്കുലർ പള്ളികളിൽ വായിക്കണമെന്ന നിർദേശം നിലനിൽക്കെയാണ് സർക്കുലർ ഓരോ പള്ളികളിലും കുപ്പത്തൊട്ടിയിൽ നിക്ഷേപിച്ചതിന് ശേഷം കത്തിക്കുമെന്ന അല്‍മായ മുന്നേറ്റത്തിന്‍റെ മുന്നറിയിപ്പ്. അതിരൂപതയുടെ കാനോനിക സമിതികളിലും അതിരൂപത കൂരിയയിലും ആലോചിക്കാതെ മാർ ആന്‍ഡ്രൂസ് താഴത്ത് ഇറക്കിയ സർക്കുലർ എറണാകുളം അതിരൂപതയിലെ ഏതെങ്കിലും ഇടവകയിൽ വായിച്ചാൽ ശക്തമായ പ്രതിഷേധം നടത്താനാണ് വിമത വിഭാഗത്തിന്‍റെ നീക്കം.