മാലിന്യ സംസ്കരണം: തിരുവനന്തപുരം നഗരത്തിൽ പ്രത്യേക ഇടപെടൽ ഉണ്ടാകുമെന്ന് മന്ത്രി

'മാലിന്യം സംസ്കരിക്കാൻ റെയിൽവേ നടപടി സ്വീകരിക്കാത്തതുകൊണ്ട് സെക്രട്ടറി നേരിട്ട് പോയി ആവശ്യപ്പെട്ടു. പലപ്പോഴും നോട്ടീസ് നൽകുകയും ചെയ്തു'.

Update: 2024-07-15 12:36 GMT
Advertising

തിരുവനന്തപുരം: മാലിന്യ സംസ്കരണത്തിന്റെ കാര്യത്തിൽ തിരുവനന്തപുരം നഗരത്തിൽ പ്രത്യേക ഇടപെടൽ ഉണ്ടാകുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ്. മാലിന്യ സംസ്കരണത്തിൽ പ്രതിപക്ഷവും ഒപ്പം നിൽക്കേണ്ടതാണ്. പക്ഷേ അവർ അതിന് തയാറാകുന്നില്ല. എന്നാൽ പ്രതിപക്ഷ ഉപനേതാവിൽ നിന്ന് അനുകൂലമായ നിലപാടാണ് ഉണ്ടായിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

മാലിന്യം സംസ്കരിക്കാൻ റെയിൽവേ നടപടി സ്വീകരിക്കാത്തതുകൊണ്ട് സെക്രട്ടറി നേരിട്ട് പോയി ആവശ്യപ്പെട്ടു. പലപ്പോഴും നോട്ടീസ് നൽകുകയും ചെയ്തു. ഇതെല്ലാം മറച്ചുവച്ചാണ് കോർപ്പറേഷനെതിരെ ഏകപക്ഷീയമായി ആക്രമണം നടത്തുന്നത്. റെയിൽവേയ്ക്ക് സംരക്ഷണം ഒരുക്കുമ്പോൾ നടത്തുന്നത് അനാസ്ഥയ്ക്കെതിരെയുള്ള സംരക്ഷണമാണ്. യോജിച്ച് സഹകരിച്ച് പോകേണ്ടത് ആവശ്യമാണ്.

സഹകരിക്കുന്നില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് പോകേണ്ടിവരുമെന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് സാധ്യമായ നടപടികളെല്ലാം ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ നടപടികളിൽ കോടതിക്ക് തൃപ്തിയുണ്ട്, എന്നാൽ പ്രതിപക്ഷ നേതാവിനില്ല. യോഗം വിളിച്ചുകൂടേ എന്ന് പ്രതിപക്ഷനേതാവ് ചോദിക്കുന്നു. പലതവണ യോഗം വിളിക്കുകയും പല നടപടികൾ സ്വീകരിക്കുകയും ചെയ്തു.

2024 ജനുവരി 31ന് ഇതുമായി ബന്ധപ്പെട്ട് രണ്ട് റെയിൽവേ ഡിവിഷണൽ മാനേജർമാർക്ക് കത്ത് നൽകിയിട്ടുണ്ട്. യോഗം വിളിച്ചപ്പോൾ ഡിവിഷണൽ മാനേജർമാർ പങ്കെടുത്തില്ല. തിരുവനന്തപുരം റെയിൽവേയുടെ സീനിയർ ഉദ്യോഗസ്ഥർ ആരും പങ്കെടുത്തില്ല. ഹൈക്കോടതി റെയിൽവയെ രൂക്ഷമായ വിമർശിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജോയിയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു സർക്കാർ. നിർഭാഗ്യവശാൽ തുടക്കം മുതൽ രാഷ്ട്രീയ മുതലെടുപ്പ് ഉണ്ടായി. ഒരു ദുരന്തത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടന്നത് ഉണ്ടാവാൻ പാടില്ലാത്തതായിരുന്നു. ഇല്ലാത്ത ഉത്തരവാദിത്തം സർക്കാരിന്റെ തലയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ വ്യക്തത വരുത്തേണ്ടി വരും. ഇന്നലെ പ്രതിപക്ഷ നേതാവ് എന്തെല്ലാമാണ് പറഞ്ഞത്? അല്പംകൂടി പ്രതിപക്ഷ നേതാവിന് കാത്തിരിക്കാമായിരുന്നെന്നും ജോയിയെ കിട്ടിയിട്ട് പറയാനുള്ള വിവേകം അദ്ദേഹം കാണിക്കണമായിരുന്നെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News