പൂരം ആസ്വാദകർക്ക് കനത്ത ബുദ്ധിമുട്ടുണ്ടായി, സമഗ്രമായ അന്വേഷണം വേണം: പാറമേക്കാവ് ദേവസ്വം
ചില പൊലീസുകാരുടെ അമിതാവേശമാണ് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയതെന്ന് പാറമേക്കാവ് ദേവസ്വം ജനറൽ സെക്രട്ടറി ജി. രാജേഷ് പറഞ്ഞു.
തൃശൂർ: പൂരം കലങ്ങിയിട്ടുണ്ടെങ്കിൽ കണ്ടെത്തണമെന്ന് പാറമേക്കാവ് ദേവസ്വം. പൂരം കാണാനെത്തിയ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായിട്ടുണ്ട്. പൂരം ആസ്വാദകരെ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും പാറമേക്കാവ് ദേവസ്വം ജനറൽ സെക്രട്ടറി ജി. രാജേഷ് പറഞ്ഞു.
വെടിക്കെട്ട് മാത്രമാണ് വൈകിയത് മറ്റു ചടങ്ങുകൾ മുടങ്ങിയിട്ടില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പൂരത്തിന്റെ ചടങ്ങുകൾ പരിശോധിച്ചാൽ ഒന്നും മുടങ്ങിയിട്ടില്ല. പക്ഷേ ചടങ്ങുകൾ നല്ല രീതിയിലല്ല നടന്നത്. ചില പൊലീസുകാരുടെ അമിതാവേശം ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. ഏത് തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. പുതുതായി പ്രഖ്യാപിച്ച ഒരു സംഘവും തങ്ങളുടെ അടുത്ത് എത്തിയിട്ടില്ലെന്നും രാജേഷ് പറഞ്ഞു.