കത്ത് വിവാദം: പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺഗ്രസും ബി.ജെ.പിയും
നഗരസഭയിലെ കത്ത് വ്യാജമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ കുറ്റക്കാരെ വെള്ളപൂശാനാണെന്ന് പ്രതിപക്ഷം
തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺഗ്രസും ബി.ജെ.പിയും. കത്ത് വ്യാജമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ പ്രതിപക്ഷം ഇന്നലെ തള്ളിയിരുന്നു. അതേസമയം ക്രൈംബ്രാഞ്ച് ഇതുവരെ നടത്തിയ അന്വേഷണ റിപ്പോർട്ട് ഉന്നത പൊലീസ് മേധാവിക്ക് ഉടൻ കൈമാറും. അന്വേഷണം നടത്തുന്ന വിജിലൻസ് സംഘം കൂടുതൽ പേരുടെ മൊഴി എടുക്കും.
നഗരസഭയില്‍ പിന്‍വാതില്‍ നിയമനത്തിനുള്ള കത്ത് വ്യാജമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ കുറ്റക്കാരെ വെള്ളപൂശാനാണെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചു കഴിഞ്ഞു. ക്രൈംബ്രാഞ്ച് കണ്ടെത്തൽ മേയർക്കും സർക്കാരിനും ആശ്വാസമാണെങ്കിലും പ്രതിഷേധം കടുപ്പിക്കാനാണ് ബി.ജെ.പിയുടെയും കോൺഗ്രസിന്‍റെയും തീരുമാനം. രണ്ട് ദിവസത്തിന് ശേഷം ഇന്നും നഗരസഭാ പരിസരം സംഘർഷത്തിന് വേദിയായേക്കും.
സത്യാഗ്രഹ സമരം തുടരുന്ന കോൺഗ്രസ് സമരരീതി കൂടുതൽ കടുപ്പിക്കും. സമരം സംസ്ഥാന വ്യാപകമാക്കാനാണ് ബി.ജെ.പി തീരുമാനം. അതിനിടെ ക്രൈംബ്രാഞ്ച് ഇതുവരെ നടത്തിയ അന്വേഷണ റിപ്പോർട്ട് ഉന്നത പൊലീസ് മേധാവിക്ക് ഉടൻ കൈമാറും. വ്യാജ കത്താണെന്ന് കാട്ടിയാകും ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിക്കുക. എഫ്ഐആറും രജിസ്റ്റർ ചെയ്യും. സമാന്തരമായി അന്വേഷണം നടത്തുന്ന വിജിലൻസ് കൂടുതൽ പേരുടെ മൊഴി എടുക്കും. കത്ത് വ്യാജമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ വിജിലൻസും ശരിവെക്കാനാണ് സാധ്യത.
കേസെടുത്തില്ലെങ്കില്‍ അടുത്ത തവണ ഹൈക്കോടതി ഹരജി പരിഗണിക്കുമ്പോള്‍ തിരിച്ചടിയാകുമെന്ന ഭയം സര്‍ക്കാരിനുണ്ട്. നഗരസഭയ്ക്ക് പുറമെ, സി.ബി.ഐ മേധാവിയോടും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. നവംബര്‍ 25നാണ് ഹരജി പരിഗണിക്കുന്നത്.