തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അദാനി ഗ്രൂപ്പിനു കൈമാറി; പ്രതിഷേധം കടുപ്പിക്കാന്‍ എല്‍.ഡി.എഫ്
എയർപോർട്ട് പൂര്‍ണ സജ്ജമാകുന്നതുവരെ ആറു മാസത്തേക്ക് നിലവിലെ താരിഫ് നിരക്ക് തുടരും
സംസ്ഥാന സര്‍ക്കാരിന്‍റെ കടുത്ത എതിര്‍പ്പിനിടെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അദാനി ഗ്രൂപ്പിനു കൈമാറി. എയർപോർട്ട് പൂര്‍ണ സജ്ജമാകുന്നതുവരെ ആറു മാസത്തേക്ക് നിലവിലെ താരിഫ് നിരക്ക് തുടരും. അതേ സമയം കൈമാറ്റത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് എല്‍.ഡി.എഫിന്‍റെ തീരുമാനം.
പുലർച്ചെ 12 മണിക്ക് രാജ്യാന്തര ടെര്‍മിനലില്‍ എയര്‍പോര്‍ട്ട് ഡയറക്ടറർ സി വി രവീന്ദ്രനില്‍ നിന്ന് അദാനി ഗ്രൂപ്പ് ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ജി മധുസൂദന റാവൂ ചുമതലയേറ്റെടുത്തു. മൂന്ന് വര്‍ഷത്തേക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ചാവും നടത്തിപ്പ്.
ഏറ്റെടുക്കലിനു മുന്‍പായി ഇന്നലെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അദാനി ഗ്രൂപ്പ് പ്രത്യേക പൂജ നടത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും അദാനി ഗ്രൂപ്പ് പ്രതിനിധികള്‍ സന്ദര്‍ശിച്ചു. താരതമ്യേന യാത്രക്കാർ കുറവായ തിരുവനന്തപുരത്തേക്ക് പരമാവധി വിമാനങ്ങള്‍ എത്തിക്കാനാകും അദാനിയുടെ ശ്രമം.
കരാർ ഒപ്പിട്ട ശേഷം ആറു മാസത്തിനകം ഏറ്റെടുക്കാനായിരുന്നു നിർദേശം. എന്നാൽ വ്യോമയാന നിയന്ത്രണങ്ങളെ തുടർന്ന് സമയം നീട്ടി നൽകുകയായിരുന്നു.
സ്വകാര്യവൽക്കണത്തിന് എതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഹരജി ഹൈക്കോടതി തള്ളിയെങ്കിലും സുപ്രീംകോടതിയില്‍ അപ്പീല്‍ നിലവിലുണ്ട്. ഹരജിയിൽ തീർപ്പാകുന്നതിനു മുൻപേയുള്ള കൈമാറ്റത്തിൽ സർക്കാരിനും ഇടതുമുന്നണിക്കും കടുത്ത അതൃപ്തിയാണുള്ളത്. ഇന്നലെ രാത്രി ബിനോയ് വിശ്വം എം പിയുടെ നേതൃത്വത്തിൽ വിമാനത്താവളത്തിന് മുന്നിൽ പ്രതിഷേധിച്ചു.
കോണ്‍ഗ്രസ്സ് സ്വകാര്യവത്കരണത്തെ എതിര്‍ക്കുമ്പോഴും തലസ്ഥാനത്തിന്‍റെ എംപിയായ ശശി തരൂര്‍ സ്വകാര്യവത്കരണത്തെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.